കിരീടപ്പോരില്‍ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ സ്കോര്‍ച്ചേഴ്സ് തുടക്കത്തിലെ തകര്‍ന്നടിഞ്ഞിരുന്നു.ഓപ്പണര്‍മാരായ പാറ്റേഴ്സണും(1), ജോഷ് ഇംഗ്ലിസും(13), മിച്ചല്‍ മാര്‍ഷും(5), കോളിന്‍ മണ്‍റോയും(1) മടങ്ങുമ്പോള്‍ സ്കോര്‍ച്ചേഴ്സിന്‍റെ സ്കോര്‍ ബോര്‍ഡില്‍ ആറോവറില്‍ 25 റണ്‍സെ ഉണ്ടായിരുന്നുള്ളു.

മെല്‍ബണ്‍: ഓസ്ട്രേലിയയുടെ ആഭ്യന്തര ടി20 ലീഗായ ബിഗ് ബാഷ് ലീഗില്‍(Big Bash League) പെര്‍ത്ത് സ്കോര്‍ച്ചേഴ്സിന്(Perth Scorchers) നാലാം കിരീടം. ഏകപക്ഷീയമായ ഫൈനലില്‍ സിഡ്നി സിക്സേഴ്സിനെ(Sydney Sixers) 79 റണ്‍സിന് കീഴടക്കിയാണ് സ്കോര്‍ച്ചേഴ്സ് കിരീടത്തില്‍ മുത്തിമിട്ടത്. ആദ്യം ബാറ്റ് ചെയ്ത സ്കോര്‍ച്ചേഴ്സ് ലോറി ഇവാന്‍സിന്‍റെയും ആഷ്ടണ്‍ ടര്‍ണറുടെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തപ്പോള്‍ സിഡ്നി സിക്സേഴ് 16 ഓവറില്‍ 92 റണ്‍സിന് ഓള്‍ ഔട്ടായി.

കിരീടപ്പോരില്‍ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ സ്കോര്‍ച്ചേഴ്സ് തുടക്കത്തിലെ തകര്‍ന്നടിഞ്ഞിരുന്നു.ഓപ്പണര്‍മാരായ പാറ്റേഴ്സണും(1), ജോഷ് ഇംഗ്ലിസും(13), മിച്ചല്‍ മാര്‍ഷും(5), കോളിന്‍ മണ്‍റോയും(1) മടങ്ങുമ്പോള്‍ സ്കോര്‍ച്ചേഴ്സിന്‍റെ സ്കോര്‍ ബോര്‍ഡില്‍ ആറോവറില്‍ 25 റണ്‍സെ ഉണ്ടായിരുന്നുള്ളു.

എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ക്യാപ്റ്റന്‍ ആഷ്ടണ്‍ ടര്‍ണറും(35 പന്തില്‍ 54), ലോറി ഇവാന്‍സും(41 പന്തില്‍ 71*) ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി സ്കോര്‍ച്ചേഴ്സിനെ കരകയറ്റി. വാലറ്റത്ത് ആഷ്ടണ്‍ അഗറുടെ(9 പന്തില്‍ 15*) വെടിക്കെട്ട് കൂടിയായപ്പോള്‍ സ്കോര്‍ച്ചേഴ്സ് പൊതുകാവുന്ന സ്കോറിലെത്തി. 24 റണ്‍സിന് രണ്ട് വിക്കറ്റെടുത്ത നേഥന്‍ ലിയോണാണ് സിക്സേഴ്സിനായി ബൗളിംഗില്‍ തിളങ്ങിയത്.

Scroll to load tweet…

മറുപടി ബാറ്റിംഗില്‍ 33 പന്തില്‍ 42 റണ്‍സെടുത്ത ഡാനിയേല്‍ ഹ്യൂസും 15 റണ്‍സെടുത്ത ഓപ്പണര്‍ നിക്കോളാസ് ബെര്‍ട്ടസും 10 റണ്‍സെടുത്ത ജഡെ ലെന്‍റണും മാത്രമെ സിക്സേഴ്സ് നിരയില്‍ രണ്ടക്കം കടന്നുള്ളു. 32-1 എന്ന ഭേദപ്പെട്ട സ്കോറില്‍ നിന്നാണ് സിക്സേഴ്സ് 92 റണ്‍സിന് ഓള്‍ ഔട്ടായത്.

സ്കോര്‍ച്ചേഴ്സിനായി മൂന്നോവറില്‍ 15 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത ആന്‍ഡ്ര്യു ടൈയും 20 റണ്‍സിന് രണ്ട് വിക്കറ്റെടുത്ത ജെ റിച്ചാര്‍ഡ്സണും ബൗളിംഗില്‍ തിളങ്ങി.