മുംബൈ: ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിൽ പിങ്ക് ബോള്‍ ടെസ്റ്റ് ഉണ്ടോയെന്ന് അടുത്തയാഴ്‌ച അറിയാം. ക്രിക്കറ്റ് ഓസ്‌ട്രേലിയ- ബിസിസിഐ അധ്യക്ഷന്മാര്‍ ചൊവ്വാഴ്‌ച മുംബൈയിൽ നടത്തുന്ന കൂടിക്കാഴ്‌ചയിൽ വിഷയം ചര്‍ച്ചയാകും. ഇന്ത്യ- ഓസീസ് ആദ്യ ഏകദിനത്തിനിടെയാകും സൗരവ് ഗാംഗുലിയും കെവിന്‍ റോബര്‍ട്ട്സും കൂടിക്കാഴ്‌ച നടത്തുക.

ബംഗ്ലാദേശിനെതിരെ മാത്രമാണ് ഇന്ത്യ പകലും രാത്രിയുമായി ടെസ്റ്റ് മത്സരം കളിച്ചിട്ടുള്ളത്. പരിശീലന മത്സരം ലഭിച്ചാൽ ഓസ്‌ട്രേലിയയിൽ പിങ്ക് ബോള്‍ ടെസ്റ്റിന് തയ്യാറാണെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി പറഞ്ഞിരുന്നു. പരമ്പരയിലെ ഒരു ടെസ്റ്റ് പിങ്ക് പന്തില്‍ കളിക്കാന്‍ സാധ്യതയേറെയാണ്. പരമ്പരയിലെ രണ്ട് ടെസ്റ്റുകള്‍ പകലും രാത്രിയുമായി നടത്താന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ സാധ്യത തേടുന്നതായി നേരത്തെ ക്രിക്‌ഇന്‍‌ഫോ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

വീണ്ടും നിര്‍ണായകമാകുമോ ദാദയുടെ നിലപാട്

കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അഡ്‌‌ലെയ്‌ഡില്‍ ഡേ ആന്‍ഡ് നൈറ്റ് മത്സരം കളിക്കാന്‍ ടീം ഇന്ത്യ വിസമ്മതിച്ചിരുന്നു. എന്നാല്‍ ബിസിസിഐ പ്രസിഡന്‍റായി സ്ഥാനമേറ്റ ശേഷം സൗരവ് ഗാഗുലി നായകന്‍ വിരാട് കോലിയുമായി കൊല്‍ക്കത്തയില്‍ കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 24ന് നടത്തിയ കൂടിക്കാഴ്‌ചയിലാണ് നിലപാട് മാറിയത്. ബംഗ്ലാദേശിനെതിരെ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നവംബര്‍ 22 മുതല്‍ നടന്ന ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റ് കാണികളുടെ പിന്തുണ കൊണ്ട് വന്‍ വിജയമായിരുന്നു. 

"ടീം ഇന്ത്യ പകല്‍-രാത്രി ടെസ്റ്റ് കളിക്കാന്‍ തയ്യാറാണോ എന്നറിയാന്‍ ഒരു മണിക്കൂര്‍ നേരമാണ് കോലിയുമായി കൂടിക്കാഴ്‌ചക്ക് തീരുമാനിച്ചത്. എന്നാല്‍ മൂന്ന് സെന്‍റിനുള്ളില്‍ കോലി മറുപടി തന്നു"- കോലിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം സൗരവ് ഗാംഗുലി അന്ന് വ്യക്തമാക്കിയിരുന്നു. 

ചതുര്‍ദിന ടെസ്റ്റും ചര്‍ച്ചയില്‍

അതേസമയം ടെസ്റ്റ് മത്സരങ്ങള്‍ നാലുദിവസമാക്കി ചുരുക്കാനുള്ള ഐസിസിയുടെ നിര്‍ദേശവും യോഗത്തിൽ ചര്‍ച്ചയാകും. നിര്‍ദേശത്തോട് ഓസ്‌ട്രേലിയന്‍ ബോര്‍ഡ് അനുകൂലമെങ്കിലും ഗാംഗുലി മനസ് തുറന്നിട്ടില്ല. 'ടെസ്റ്റ് ക്രിക്കറ്റ് നാലുദിവസമാക്കി ചുരുക്കുന്നതില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നത് ശരിയല്ല. ഐസിസിയുടെ പദ്ധതികള്‍ പരിശോധിച്ച ശേഷം മറുപടി പറയാം' എന്ന് ദാദ ഡിസംബര്‍ അവസാനം വ്യക്തമാക്കിയിരുന്നു.  

ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങള്‍ എന്ന ആശയത്തെ കുറിച്ച് ദുബായിൽ മാര്‍ച്ച് 27 മുതൽ 31 വരെ നടക്കുന്ന യോഗത്തിൽ ഐസിസി ക്രിക്കറ്റ് കമ്മിറ്റി ചര്‍ച്ച ചെയ്യും. ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് ഐസിസി ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാന്‍ അനിൽ കുംബ്ലെയാണ് അറിയിച്ചത്. മുന്‍ താരങ്ങളായ ആന്‍ഡ്രൂ സ്‌ട്രോസ്, രാഹുല്‍ ദ്രാവിഡ്, മഹേള ജയവര്‍ധനെ, ഷോണ്‍ പൊള്ളാക്ക് എന്നിവരും ക്രിക്കറ്റ് കമ്മിറ്റിയില്‍ അംഗങ്ങളാണ്.