ബെംഗളൂരു, ഗുവാഹത്തി, ഇന്‍ഡോര്‍, വിശാഖപട്ടണം, കൊളംബോ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. പാകിസ്ഥാന്റെ എല്ലാ മത്സരങ്ങള്‍ക്കും കൊളംബോ വേദിയാവും.

മുംബൈ: സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ രണ്ടുവരെ നടക്കുന്ന ഐസിസി വനിതാ ഏകദിന ലോകകപ്പിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവില്ല. ഗ്രീന്‍ഫീല്‍ഡിനെ ഒഴിവാക്കി ലോകകപ്പിനുള്ള അഞ്ച് വേദികള്‍ ഐസിസി പ്രഖ്യാപിച്ചു. നേരത്തേ, ഗ്രീന്‍ഫീല്‍ഡില്‍ ലോകകപ്പ് നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി വേദിയാവുന്ന ലോകകപ്പിലെ മത്സരങ്ങള്‍ ബെംഗളൂരു, ഗുവാഹത്തി, ഇന്‍ഡോര്‍, വിശാഖപട്ടണം, കൊളംബോ എന്നിവിടങ്ങളിലാണ് നടക്കുക. പാകിസ്ഥാന്റെ എല്ലാ മത്സരങ്ങള്‍ക്കും കൊളംബോ വേദിയാവും. എട്ട് ടീമുകളാണ് ലോകകപ്പില്‍ ഏറ്റുമുട്ടുന്നത്.

Add Asianetnews as a Preferred SourcegooglePreferred

മാര്‍ച്ചില്‍ നടന്ന ബിസിസിഐ യോഗത്തിലാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ലോകകപ്പിനുള്ള വേദിയായി തീരുമാനിച്ചത്. ഏതൊക്കെ മത്സരങ്ങളാണ് തിരുവനന്തപുരത്ത് നടക്കുക എന്ന് മാത്രമാണ് അറിയാനുണ്ടായിരുന്നത്. എന്നാല്‍ അവസാന നിമിഷം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം തഴയപ്പെട്ടു. ഗ്രീന്‍ഫീല്‍ഡിന് പുറമെ റായ്പൂര്‍, പഞ്ചാബിലെ മുല്ലാന്‍പൂര്‍ എന്നീ സ്റ്റേഡിയങ്ങളും തഴയപ്പെട്ടു. നോക്കൗട്ട് റൗണ്ട് മത്സരങ്ങള്‍ ഉള്‍പ്പടെ തിരുവനന്തപുരത്തിന് അനുവദിച്ചേക്കുമെന്നും വാര്‍ത്തകളുണ്ടായിരുന്നു. 

വിശാഖപട്ടണത്ത് ഒഴികെ മറ്റ് വേദികളിലൊന്നും ഇതുവരെ വനിതാ രാജ്യാന്തര മത്സരത്തിന് വേദിയായിട്ടില്ല. ഇന്‍ഡോറില്‍ മുമ്പ് രണ്ട് തവണ വനിതാ ലോകകപ്പ് മത്സരം നടന്നിട്ടുണ്ടെങ്കിലും അത് രണ്ടും ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലായിരുന്നു. 2000ല്‍ ഹോള്‍ക്കര്‍ സ്റ്റേഡിയം നിലവില്‍ വന്നശേഷം നെഹ്റു സ്റ്റേഡിയം രാജ്യാന്തര മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ല. 

ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള വേദിയായും ഗ്രീന്‍ഫീല്‍ഡിനെ പരിഗണിച്ചിരുന്നില്ല. മൂന്ന് മത്സരങ്ങളും ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കും. സെപ്റ്റംബര്‍ 14, 17, 20 തീയതികളിലാണ് ഇന്ത്യ - ഓസ്ട്രേലിയ ഏകദിന മത്സരങ്ങള്‍ നടക്കുക. ഇന്ത്യന്‍ വനിതാ ടീമിന്റെ അടുത്ത പരമ്പര ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഇംഗ്ലണ്ടിനെതിരെയാണ്. അഞ്ച് ടി20 മത്സരങ്ങളും തുടര്‍ന്ന് മൂന്ന് ഏകദിന മത്സരങ്ങളും കളിക്കും.