IPL 2022 schedule announced: ആരാധകരുടെ കാത്തിരിപ്പിന് വിരാമം, ഐപിഎല്‍ പതിനഞ്ചാം സീസണിന്‍റെ വേദികളും സമയക്രമവും പ്രഖ്യാപിച്ചു.
മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണിന്‍റെ (IPL 2022) സമയക്രമം പ്രഖ്യാപിച്ച് ബിസിസിഐ (BCCI). മുംബൈയിലും പുനെയിലുമായാണ് മത്സരങ്ങളെല്ലാം. 65 ദിവസം നീണ്ടുനില്‍ക്കുന്ന വരും സീസണില്‍ 70 ലീഗ് മത്സരങ്ങളും നാല് പ്ലേ ഓഫ് കളികളും നടക്കും. വാംഖഢെയില്‍ (Wankhede Stadium) മാര്‍ച്ച് 26ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തോടെയാണ് ഐപിഎല്‍ 2022ന് കര്‍ട്ടന്‍ ഉയരുക.
മാര്‍ച്ച് 27ന് സീസണിലെ ആദ്യ ഇരട്ട പോരാട്ടം അരങ്ങേറും. ബ്രബോണില്‍ ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സും നേര്‍ക്കുനേര്‍ വരും. ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ പഞ്ചാബ് കിംഗ്‌സും റോയല്‍സ് ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏറ്റുമുട്ടും. പുനെയിലെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെ ആദ്യ മത്സരം മാര്‍ച്ച് 29ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സും തമ്മിലാണ്. സീസണിലെ 20 മത്സരങ്ങള്‍ വീതം വാംഖഢെയിലും ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലുമായാണ്. 15 കളികള്‍ വീതം ബ്രബോണിലും മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ മൈതാനത്തും നടക്കും.
12 ദിവസങ്ങളില്‍ രണ്ട് വീതം മത്സരങ്ങള്‍ നടക്കും. ആദ്യ മത്സരം ഇന്ത്യന്‍സമയം ഉച്ചകഴിഞ്ഞ് 3.30നും രണ്ടാം മത്സരം രാത്രി 7.30നുമാണ് ആരംഭിക്കുക. ലീഗ് ഘട്ടം മെയ് 22ന് വാംഖഢെയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-പഞ്ചാബ് കിംഗ്‌സ് മത്സരത്തോടെ അവസാനിക്കും. മെയ് 29നാണ് കലാശപ്പോര്. പ്ലേ ഓഫ് മത്സരക്രമം പിന്നീട് പ്രഖ്യാപിക്കും. 2019 സീസണിന് ശേഷം ആദ്യമായാണ് സമ്പൂര്‍ണ ഐപിഎല്ലിന് ഇന്ത്യ വേദിയാവുന്നത്.
