സ്റ്റാര്‍ പേസര്‍ ദീപക് ചാഹറിന് (Deepak Chahr) പകുതിയോളം ഐപിഎല്‍ മത്സരങ്ങള്‍ നഷ്ടമാവും. വലത് കാലിലെ പേശികള്‍ക്കേറ്റെ പരിക്കാണ് ചാഹറിന് വിനയായത്. ഇനിയും എട്ടാഴ്ച്ചയെങ്കിലും ചാഹറിന് വിശ്രമം വേണ്ടിവരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

ബംഗളൂരു: ഐപിഎല്ലിനൊരുങ്ങുന്ന (IPL 2022) ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് (Chennai Super Kings) കനത്ത തിരിച്ചടി. അവരുടെ സ്റ്റാര്‍ പേസര്‍ ദീപക് ചാഹറിന് (Deepak Chahr) പകുതിയോളം ഐപിഎല്‍ മത്സരങ്ങള്‍ നഷ്ടമാവും. വലത് കാലിലെ പേശികള്‍ക്കേറ്റെ പരിക്കാണ് ചാഹറിന് വിനയായത്. ഇനിയും എട്ടാഴ്ച്ചയെങ്കിലും ചാഹറിന് വിശ്രമം വേണ്ടിവരുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. വെസ്റ്റ് ഇന്‍ഡീസിനെതിരെ അവസാന ടി20 മത്സരത്തിനിടെയാണ് ചാഹറിന് പരിക്കേല്‍ക്കുന്നത്.

ബിസിസിഐ വൃത്തങ്ങള്‍ പറയുന്നതിങ്ങനെ... ''ചാഹറിന് ചുരുങ്ങിയത് എട്ട് ആഴ്ച്ചത്തെ വിശ്രമമെങ്കിലും വേണ്ടിവരും. അതിനര്‍ത്ഥം അദ്ദേഹത്തിന് ഐപിഎല്ലില്‍ പകുതി മത്സരങ്ങളെങ്കിലും നഷ്ടമാവും.'' ഒരു ബിസിസിഐ വക്താവ് പിടിഐയോട് പറഞ്ഞു. മാര്‍ച്ച് 26നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. സിഎസ്‌കെ ആവട്ടെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നുള്ള ഔദ്യോിഗക റിപ്പോര്‍ട്ട് വരാന്‍ കാത്തിരിക്കുകയാണ്.

ഐപിഎല്‍ മെഗാതാരലേലത്തില്‍ 14 കോടി മുടക്കിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് താരത്തെ തിരിച്ചെത്തിച്ചത്. സീസണിലെ മൂല്യമേറിയ രണ്ടാമത്തെ താരമായിരുന്നു ചാഹര്‍. പരിക്കിന് പിന്നാലെ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ നിന്ന് താരത്തെ ഒഴിവാക്കിയിരുന്നു. പരമ്പര ഇന്ത്യ 3-0ത്തിന് സ്വന്തമാക്കുകയും ചെയ്തു. ഇതുവരെ 20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ചാഹര്‍ 26 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. 

ഏഴ് ഏകദിനങ്ങള്‍ കളിച്ചപ്പോള്‍ 10 വിക്കറ്റും നേടി. വാലറ്റത്ത് ബാറ്റുകൊണ്ടും തിളങ്ങാല്‍ കെല്‍പ്പുള്ള താരമാണ് ചാഹര്‍. രണ്ട് അര്‍ധ സെഞ്ചുറികള്‍ സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.

ഐപിഎല്ലില്‍ ഗ്രൂപ്പ് ബിയിലാണ് എം എസ് ധോണി നയിക്കുന്ന സിഎസ്‌കെ കളിക്കുന്നത്. സണ്‍റൈസേഴ്സ് ഹൈദരാബാദ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, പഞ്ചാബ് കിംഗ്സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരാണ് ചെന്നൈക്കൊപ്പമുള്ളത്. 


ഗ്രൂപ്പ് എ

മുംബൈ ഇന്ത്യന്‍സ്
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
രാജസ്ഥാന്‍ റോയല്‍സ്
ഡല്‍ഹി കാപിറ്റല്‍സ്
ലഖ്നൗ സൂപ്പര്‍ ജയന്റ്സ്

ഗ്രൂപ്പ് ബി

ചെന്നൈ സൂപ്പര്‍ കിംഗ്സ്
സണ്‍റൈസേഴ്സ് ഹൈദരാബാദ്
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍
കിംഗ്സ് പഞ്ചാബ്
ഗുജറാത്ത് ടൈറ്റന്‍സ്

അടുത്തമാസം 26നാണ് മത്സരങ്ങള്‍ ആരംഭിക്കുക. 74 മത്സരങ്ങളാണ് ഉണ്ടാകുക. ഇതില്‍ 70 മത്സരങ്ങള്‍ മുംബൈയിലും പൂനെയിലുമായി നടക്കും. പ്ലേ ഓഫ് മത്സരങ്ങളുടെ കാര്യത്തില്‍ തീരുമാനമായില്ലെങ്കിലും ഫൈനല്‍ മെയ് 29-ന് അഹമ്മദാബാദില്‍ നടക്കും. മുംബൈ വാംഖഡെ സ്റ്റേഡിയത്തും ബ്രാബോണിലും 20 മത്സരങ്ങള്‍ വീതം നടക്കും. 

15 വീതം മത്സങ്ങള്‍ക്ക് ഡിവൈ പാട്ടീല്‍ സ്റ്റേഡിയവും എം സി എസ്റ്റേഡിയവും വേദിയാകും. സ്റ്റേഡിയത്തില്‍ കാണികളെ പ്രവേശിപ്പിക്കും. ലീഗിന്റെ ആദ്യ ആഴ്ചകളില്‍ സ്റ്റേഡിയങ്ങളില്‍ 50 ശതമാനവും പിന്നീട് 75 ശതമാനവും സീറ്റുകളില്‍ കാണികളെ പ്രവേശിപ്പിക്കാനാണ് തീരുമാനം. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശം തേടും.