11 മത്സരങ്ങള്‍ക്ക് വീതം ഡിവൈ പാട്ടീല്‍ സ്റ്റേഡിയവും ബ്രബോണ്‍ സ്റ്റേഡിയവും വേദിയാവും
മുംബൈ: പ്രഥമ വനിതാ പ്രീമിയര്‍ ലീഗിന്‍റെ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു. അഞ്ച് ടീമുകളുള്ള എഡിഷന്‍ 23 ദിവസം നീണ്ടുനില്‍ക്കും. 20 ലീഗ് മത്സരങ്ങളും രണ്ട് പ്ലേഓഫ് മത്സരങ്ങളുമാണുണ്ടാവുക. മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ മാര്‍ച്ച് നാലിന് ഗുജറാത്ത് ജയന്‍റ്‌സ്, മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍ പോരാട്ടത്തോടെയാണ് ലീഗിന് തുടക്കമാവുക. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം തുടങ്ങുക. നാല് ദിനങ്ങളില്‍ രണ്ട് മത്സരങ്ങള്‍ വീതം നടക്കും. ഈ ദിവസങ്ങളില്‍ ആദ്യ മത്സരം 3.30നാണ് തുടങ്ങുക.
മുംബൈയാണ് പ്രഥമ വനിതാ പ്രീമിയര്‍ ലീഗിന് വേദിയാവുന്നത്. 11 മത്സരങ്ങള്‍ക്ക് വീതം ഡിവൈ പാട്ടീല്‍ സ്റ്റേഡിയവും ബ്രബോണ്‍ സ്റ്റേഡിയവും വേദിയാവും. മാര്‍ച്ച് 21-ാം തിയതി ബ്രബോണില്‍ യുപി വാരിയേഴ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലാണ് അവസാന ലീഗ് മത്സരം. 24-ാം തിയതി ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ എലിമിനേറ്റര്‍ നടക്കും. ബ്രബോണ്‍ സ്റ്റേഡിയത്തില്‍ 26-ാം തിയതിയാണ് കലാശപ്പോര്.
വനിതാ ട്വന്‍റി 20 ലോകകപ്പ് അവസാനിച്ച് എട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് വനിതാ പ്രീമിയര്‍ ലീഗ് ആരംഭിക്കുന്നത്. ഫെബ്രുവരി 26നാണ് ദക്ഷിണാഫ്രിക്കയില്‍ ലോകകപ്പ് അവസാനിക്കുക. ടൂര്‍ണമെന്‍റിനായി ഫ്രാഞ്ചൈസി ലേലവും താരലേലവും മീഡിയ റൈറ്റ്‌സ് ലേലം ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആകെ 4669.99 കോടിക്കാണ് അഞ്ച് ടീമുകള്‍ ലേലത്തില്‍ വിറ്റുപോയത്. അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു, ദില്ലി, ലഖ്‌നൗ എന്നീ നഗരങ്ങളാണ് അഞ്ച് ടീമുകളെ സ്വന്തമാക്കിയത്. പുരുഷ ഐപിഎല്ലിലെ ടീമുടമകളായ മുംബൈ ഇന്ത്യന്‍സിനും ഡല്‍ഹി ക്യാപിറ്റല്‍സിനും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനുമൊപ്പം അദാനി ഗ്രൂപ്പും കാപ്രി ഗ്ലോബലുമാണ് ടീമുകളെ സ്വന്തമാക്കിയത്.
ഇന്ത്യന്‍ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ സ്‌മൃതി മന്ദാനയ്‌ക്കാണ് താരലേലത്തില്‍ ഉയര്‍ന്ന വില ലഭിച്ചത്. 3.40 കോടി രൂപ സ്‌മൃതിക്ക് ലേലത്തില്‍ റോയല്‍ ചലഞ്ചേഴ്‌സില്‍ നിന്ന് ലഭിച്ചു. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന് 1.80 കോടി കിട്ടി. മുംബൈ ഇന്ത്യന്‍സാണ് ഹര്‍മനെ സ്വന്തമാക്കിയത്. ഷെഫാലി വര്‍മ(2 കോടി) ആണ് ഉയര്‍ന്ന തുക ലേലത്തില്‍ കിട്ടിയ മറ്റൊരു താരം. ആഷ്‌ലി ഗാര്‍ഡ്‌നര്‍, നടാലീ സൈവര്‍ എന്നിവര്‍ക്കാണ് വിദേശ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ തുക കിട്ടിയത്. 3.20 കോടിക്ക് ഓസീസ് ഓള്‍റൗണ്ടര്‍ ആഷ്‌ലി ഗാര്‍ഡ്‌നറെ ഗുജറാത്ത് ജയന്‍റ്‌സും ഇംഗ്ലണ്ടിന്‍റെ നടാലീ സൈവറിനെ മുംബൈ ഇന്ത്യന്‍സും സ്വന്തമാക്കി.
വനിതാ പ്രീമിയര്‍ ലീഗില്‍ ഇടമില്ല; വിയോജിപ്പ് അറിയിച്ച് പാകിസ്ഥാന്‍ ക്യാപ്റ്റന്‍
