മുംബൈ: ബിസിസിഐയുടെ വാ‍ർഷിക പൊതുയോഗം ഡിസംബറിൽ ചേർന്നേക്കും. ഐ പി എല്ലിൽ പുതിയ ടീമുകൾ ഉൾപ്പെടുത്തുന്നത് ഉൾപ്പടെയുള്ള പ്രധാന തീരുമാനങ്ങൾ എടുക്കാനാണ് പൊതുയോഗം വിളിച്ചുചേ‍ർക്കുന്നത്. ബിസിസിഐയുടെ ഭരണഘടന പ്രകാരം ഐ പി എൽ ടീമുകളുടെ കാര്യം ഉൾപ്പടെയുള്ള ഉയ‍ർന്ന സാമ്പത്തിക ഇടപാടുകൾക്ക് വാർഷിക പൊതുയോഗത്തിന്റെ അംഗീകാരം ആവശ്യമാണ്.

ഇരുപത്തിയൊന്ന് ദിവസത്തിന് മുൻപ് യോഗത്തിന്‍റെ അറിയിപ്പ് നൽകണമെന്നാണ് ചട്ടം. ഐപിഎല്ലിലേക്ക് രണ്ട് ടീമുകളെക്കൂടി ഉൾപ്പെടുത്തുമെന്നാണ് സൂചന. ഇതോടെ വരുന്ന സീസണിലും ഐ പി എൽ താരലേലം നടത്താനും ബിസിസിഐ തീരുമാനിക്കും.

നേരത്തെ ഒരു ടീമിനെ കൂടി ഉള്‍പ്പെടുത്തുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ പുതുതായി രണ്ട് ടീമുകള്‍ എത്താനിടയുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിലൊരു ടീം അഹമ്മദാബാദ് ആസ്ഥാനമായിട്ടായിരിക്കും എത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐപിഎല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതോടെ രഞ്ജി ട്രോഫി ഉള്‍പ്പെടെയുള്ള ആഭ്യന്തര ടൂര്‍ണമെന്‍റുകളുടെ കാര്യത്തിലും ബിസിസിഐ വൈകാതെ തീരുമാനമെടുക്കും.