2027 ഡിസംബർ 31വരെ മൂന്നരവർഷത്തേക്കായിരിക്കും പുതിയ പരിശീലകന്‍റെ നിയമനം.

മുംബൈ: രാഹുൽ ദ്രാവിഡിന്‍റെ പിൻഗാമിയായി മുന്‍ ന്യൂസിലന്‍ഡ് നായകൻ സ്റ്റീഫൻ ഫ്ലെമിംഗിനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായി നിയമിക്കാനൊരുങ്ങി ബിസിസിഐ. ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ പരിശീലകനാണ് ഫ്ലെമിംഗ് നിലവില്‍. ടി 20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുന്ന മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിന്‍റെ പകരക്കാരനുവേണ്ടി ബിസിസിഐ അപേക്ഷ ക്ഷണിച്ചിരുന്നു. മെയ് 27 ആണ് അപേക്ഷ നൽകാനുള്ള അവസാന തീയതി.

2027 ഡിസംബർ 31വരെ മൂന്നരവർഷത്തേക്കായിരിക്കും പുതിയ പരിശീലകന്‍റെ നിയമനം. ഇന്ത്യയുടെ താൽക്കാലിക പരിശീലകനായി പ്രവർത്തിക്കുന്ന വി.വി.എസ് ലക്ഷ്മൺ, മുൻനായകനും ബിസിസിഐ മുൻ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലി, ഓസ്ട്രേലിയൻ കോച്ചുമാരായ റിക്കി പോണ്ടിംഗ്, ജസ്റ്റിൻ ലാംഗർ, ഗുജറാത്ത് ടൈറ്റൻസ് കോച്ച് ആശിഷ് നെഹ്റ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉപദേഷ്ടാവ് ഗൗതം ഗംഭീർ തുടങ്ങിയ പേരുകളെല്ലാം ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും ചെന്നൈ സൂപ്പർ കിംഗ്സ് കോച്ച് സ്റ്റീഫൻ ഫ്ലെമിംഗിനെ ദ്രാവിഡിന്‍റെ പിൻഗാമിയായി നിയമിക്കാനാണ് ബിസിസിഐയ്ക്ക് താൽപര്യമെന്നാണ് റിപ്പോർട്ടുകൾ.

പഞ്ചാബിന് വീഴ്ത്തി നോക്കൗട്ട് പഞ്ചിന് സഞ്ജുവിന്‍റെ രാജസ്ഥാന്‍, ജയിച്ചാല്‍ ടോപ് 2ൽ സ്ഥാനം ഉറപ്പ്

ഐപിഎല്ലിനിടെ ഫ്ലെമിംഗുമായി ബിസിസിഐ പ്രതിനിധികൾ പ്രാഥമിക ചർച്ച നടത്തുകയും ചെയ്തു. 2009 മുതൽ സിഎസ്കെയെ പരിശീലിപ്പിക്കുന്ന ഫ്ലെമിംഗ്, ബിഗ്ബാഷ് ലീഗിൽ മെൽബൺ സ്റ്റാർസ്, ദക്ഷിണാഫ്രിക്കൻ ടി20 ലീഗിൽ ജോഹ്‌നാസ്ബർഗ് സൂപ്പർ കിംഗ്സ്, മേജർ ലീഗ് ക്രിക്കറ്റിൽ ടെക്സാസ് സൂപ്പർ കിംഗ്സ്, ഇംഗ്ലണ്ടിലെ ഹണ്ട്രഡ് ലീഗിൽ സതേൺ ബ്രേവ് ടീമുകളുടെയും മുഖ്യപരിശീലകനാണ്. ചെന്നൈയുടെ അഞ്ച് ഐപിഎൽ കിരീടങ്ങൾക്ക് ചുക്കാൻ പിടിച്ച ഫ്ലെമിംഗ് കളിക്കാരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുന്ന പരിശീലകനാണ്. ഈ മികവ് ഇന്ത്യൻ ടീമിനും പ്രയോജനപ്പെടുത്തുകയാണ് ബിസിസിഐയുടെ ലക്ഷ്യം.

പ്ലേ ഓഫിലെത്തുന്ന രണ്ടാമത്തെ ടീമായി സഞ്ജുവിന്‍റെ രാജസ്ഥാന്‍;അടുത്ത ലക്ഷ്യം ടോപ് 2 ഫിനിഷ്

എല്ലാ ഫോർമാറ്റിലും ഒറ്റ പരിശീലകൻ എന്ന ബിസിസിഐ നിലപാടിലും മാറ്റമുണ്ടാവില്ല. ഇതേസമയം ഓരോവർഷവും പത്തുമാസത്തോളം ടീമിനൊപ്പം ചെലവഴിക്കേണ്ടതിനാൽ ഫ്ലെമിംഗ് ഇന്ത്യയുടെ പരിശീകനാവാനുള്ള ബിസിസിഐ ഓഫര്‍ സ്വീകരിക്കുമോയെന്ന് വ്യക്തമല്ല. സീസണൊടുവില്‍ സി എസ് കെയുടെ പരിശീലക സ്ഥാനം ഒഴിയുന്നതിനെക്കുറിച്ച് ഫ്ലെമിംഗ് ടീം മാനേജ്മെന്‍റിന് ഇതുവരെ സൂചനകളൊന്നും നൽകിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക