മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെ തെരഞ്ഞെടുക്കാന്‍ ബിസിസി ഉപദേശക സമിതിക്ക് ഇടക്കാല ഭരണസിമിതി അനുമതി നല്‍കി. കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്‌ക്‌വാദ്, ശാന്താ രംഗസ്വാമി എന്നിവരടങ്ങിയ ഉപദേശക സമിതി അംഗങ്ങള്‍ക്ക് വിരുദ്ധ താല്‍പര്യങ്ങളുണ്ടോ എന്നാണ് ഇടക്കാല ഭരണസമിതി പരിശധിച്ചിരുന്നു.  മൂവരോടും വിരുദ്ധ താല്‍പര്യങ്ങളില്ലെന്ന സത്യവാങ്മൂലം നല്‍കാനും ആവശ്യപ്പെട്ടിരുന്നു.

ഇത് പരിശോധിച്ചശേഷമാണ് മൂവരെയും കോച്ചിനെ തെരഞ്ഞെടുക്കാനുള്ള ഉപദേശക സമിതി അംഗങ്ങളായി ബിസിസിഐ ഇടക്കാല ഭരണസിമിതി അംഗീകരിച്ചത്.  ഓഗസ്റ്റ് പകുതിയോടെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചവരില്‍ നിന്ന് ചുരുക്കപ്പട്ടിക തയാറാക്കി അഭിമുഖം നടത്തുമെന്ന് ഇടക്കാല ഭരണസിമിതി യോഗത്തിനുശേഷം അധ്യക്ഷന്‍ വിനോദ് റായ് വ്യക്തമാക്കി.

ബിസിസിഐ ഉദ്യോഗസ്ഥരുടെ ശമ്പളവര്‍ധനയും യോഗം ഇന്ന് ചര്‍ച്ച ചെയ്തെങ്കിലും ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ വിനോദ് റായ് വിസമ്മതിച്ചു. 26 സംസ്ഥാന അസോസിയേഷനുകള്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനായി ഇലക്ടറല്‍ ഓഫീസറെ നിയമിക്കാന്‍ തീരുമാനിച്ചുവെന്നും അംഗീകരിക്കാത്ത നാല് സംസ്ഥാന അസോസിയേഷനുകള്‍ക്ക് വോട്ടിംഗ് അവകാശം ഉണ്ടായിരിക്കില്ലെന്നും വിനോദ് റായ് വ്യക്തമാക്കി.