മുംബൈ: ബിസിസിഐ ഇടക്കാല ഭരണസമിതിയുടെ യോഗം ഇന്ന് മുംബൈയിൽ ചേരും. ചെയര്‍മാന്‍ വിനോദ് റായ്, ഡയാന എഡുൽജി, രവി തോഡ്ഗേ എന്നിവരാണ് സമിതിയിൽ ഉള്ളത്. 

നാഡയുടെ പരിധിയിൽ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെയും ഉള്‍പ്പെടുത്താന്‍ സമ്മതിച്ച ശേഷമുള്ള ആദ്യ യോഗമാണിത്. ഇത് സംബന്ധിച്ച നടപടികളും ഒക്ടോബറില്‍ നടക്കേണ്ട ബിസിസിഐ തെരഞ്ഞെടുപ്പുമാകും യോഗത്തിന്‍റെ പ്രധാന അജണ്ടയെന്നാണ് സൂചന. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പുതിയ പരിശീലകനായുള്ള ചുരുക്കപ്പട്ടികയ്ക്കും യോഗം അന്തിമരൂപം നൽകിയേക്കും.

രണ്ടായിരത്തിലേറെ അപേക്ഷകള്‍ ബിസിസിഐക്ക് ലഭിച്ചെങ്കിലും അഭിമുഖത്തിനായി വിരലില്‍ എണ്ണാവുന്ന പരിശീലകരെ മാത്രമേ ക്ഷണിക്കൂവെന്നാണ് വിവരം. വെള്ളിയാഴ്‌ച മുംബൈയിലാണ് പുതിയ പരിശീലകനെ കണ്ടെത്താനുള്ള അഭിമുഖം.