മുംബൈ: വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും നേതൃത്വത്തിലുള്ള രണ്ട് ഇന്ത്യന്‍ ടീമുകള്‍ ഒരേ ദിവസം രണ്ട് വ്യത്യസ്ത പരമ്പരകളില്‍ കളിക്കുന്ന കാലം വരുമോ. കൊവിഡ് കാലത്തിനുശേഷം ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ ഇത്തരമൊരു സാധ്യത ബിസിസിഐയുടെ സജീവ പരിഗണനയിലുണ്ടെന്ന് ബിസിസിഐ പ്രതിനിധിയെ ഉദ്ധരിച്ച് സ്പോര്‍ട്സ് സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ്മൂലമുണ്ടായ നഷ്ടം നികത്താനും നഷ്ടമായ പരമ്പരകള്‍ പൂര്‍ത്തിയാക്കാനും ഇത്തരമൊരു രീതി സഹായകരമാകുമെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍.

സ്പോണ്‍സര്‍മാരെയും ബ്രോഡ്കാസ്റ്റര്‍മാരെയും പ്രീതിപ്പെടുത്താനും ഇതിലൂടെ കഴിയും. ഒരേസയമം ഇന്ത്യന്‍ ടീം ഒരു രാജ്യത്തിനിതിരെ ടെസ്റ്റ് പരമ്പരയും ടി20 പരമ്പരയും കളിക്കുന്ന രീതിയിലുള്ള നിര്‍ദേശങ്ങളാണ് ബിസിസിഐ പരിഗണിക്കുന്നത്. ഇന്ത്യന്‍ ടീമിലെ മൂന്നോ നാലോ താരങ്ങളാണ് എല്ലാ ഫോര്‍മാറ്റിലും കളിക്കുന്നവരായിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ബിസിസിഐയുടെ നിര്‍ദേശം പ്രായോഗികതലത്തില്‍ നടപ്പിലാക്കാന്‍ തടസമുണ്ടാവില്ലെന്നാണ് വിലയിരുത്തല്‍.Also

Read: കോലിക്കും രോഹിത്തിനും ശേഷം ഇന്ത്യയുടെ ഭാവി നായകനെ പ്രവചിച്ച് ശ്രീശാന്ത്

നേരത്തെ ഇംഗ്ലണ്ടും സമാനമായ ആശയം മുന്നോട്ടുവെച്ചിരുന്നു. ടെലിവിഷന്‍ സംപ്രേഷണ അവകാശം വില്‍ക്കുന്നതിലൂടെയാണ് ബിസിസിഐ പ്രധാനമായും വരുമാനം കണ്ടെത്തുന്നത്. മുന്‍ നിശ്ചയിച്ച പരമ്പരകള്‍ വരാനിരിക്കുന്ന തിരക്കിട്ട ഷെഡ്യൂള്‍ കണക്കിലെടുത്ത് ഉപേക്ഷിച്ചാല്‍ സംപ്രേഷണ അവകാശം വിറ്റതിലൂടെ ലഭിക്കേണ്ട തുക ബിസിസിഐക്ക് നഷ്ടമാവും. ഈ സാഹചര്യം മറികടക്കാനായി ഇന്ത്യയുടെ രണ്ട് ടീമുകള്‍ ഒരേസമയം രണ്ട് പരമ്പരകള്‍ കളിക്കുക എന്നതാണ് മുന്നിലുള്ള വഴി.

രാവിലെ മുതല്‍ വൈകിട്ടുവരെ കോലിയുടെ നേതൃത്വത്തിലുള്ള ടെസ്റ്റ് ടീം ഗ്രൗണ്ടിലിറങ്ങുമ്പോള്‍ വൈകിട്ട് രോഹിത്തിന്റെ നേതൃത്വത്തില്‍ ടി20 ടീമിനെ ഇറക്കാനാവും. ഇത് നടപ്പിലായാല്‍ ഈ രീതിയില്‍ കളിക്കുന്ന രണ്ടാമത്തെ ടീമാവും ഇന്ത്യ. നേരത്തെ 2017ല്‍ ഓസ്ട്രേലിയയുടെ രണ്ട് വ്യത്യസ്ത ടീമുകള്‍ ഒരേസമയം ഇന്ത്യയില്‍ ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പരയിലും ഓസീസില്‍ ശ്രീലങ്കക്കെതിരെ ടി20 പരമ്പരയും കളിച്ചിട്ടുണ്ട്.