ചെന്നൈയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും.

മുംബൈ: ഈ സീസണിലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ഏപ്രില്‍ 9ന് തുടക്കമാവും. ചെന്നൈയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ചെന്നൈയ്ക്ക് പുറമെ ബംഗളൂരു, അഹമ്മദാബാദ്, ദില്ല, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിണ് ഐപിഎല്‍ നടക്കുക. മെയ് 30ന് ടൂര്‍ണമെന്റ് അവസാനിക്കും.

ഐപിഎല്‍ പ്ലേഓഫ് മത്സരങ്ങളും ഫൈനലും അഹമ്മദാബാദിലാണ് നടക്കുക. മെയ് 25, 26, 28, 30 തിയ്യതികളിലാണ് ഈ മത്സരങ്ങള്‍ നടക്കുക. ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ പകല്‍-രാത്രി ടെസ്റ്റ് നടന്നത് അഹമ്മദാബാദിലായിരുന്നു. പ്രാഥമികഘട്ട മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തിലായിരിക്കും ടനടക്കുക. കാണികളെ പ്രവേശിപ്പിക്കുന്ന കാര്യം സാഹചര്യം അനുസരിച്ച് പരിഗണിക്കും.

56 മത്സരങ്ങളാണ് ഐപിഎല്ലിലുള്ളത്. ഇതില്‍ 10 വീതം മത്സരങ്ങള്‍ക്ക് ചെന്നൈ, മുംബൈ, കൊല്‍ക്കത്ത, ബംഗളൂരു എന്നീ നഗരങ്ങല്‍ വേദിയാവും. അഹമ്മദാബാദിലും ദില്ലിയിലും എട്ട് മത്സരങ്ങള്‍ വീതം നടക്കും. ഹോംഗ്രൗണ്ടില്‍ ഒരു ടീമിനും മത്സരം അനുവദിച്ചിട്ടില്ല. 

കൊവിഡിനെ തുടര്‍ന്ന 2020ലെ ഐപിഎല്‍ മത്സരങ്ങള്‍ യുഎഇയിലാണ് നടത്തിയത്. ദുബായ്, അബുദാബി, ഷാര്‍ജ തുടങ്ങിയ വേദികളിലായിരുന്നു മത്സരങ്ങള്‍. 

ആറ് വേദികളിലായി മത്സരം ക്രമീകരിക്കുന്നതിനെതിരെ ഹൈദരാബാദും പഞ്ചാബും രാജസ്ഥാനും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നെങ്കിലും കൊവിഡിന്റെ പശ്ചാത്തലത്തില്‍ മത്സരങ്ങള്‍ ആറ് വേദികളില്‍ മാത്രമായി പരിമിതപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.