ദില്ലി: ഇരട്ട പദവി വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ രാഹുല്‍ ദ്രാവിഡിനോട് വീണ്ടും ഹാജരാകാന്‍ ബിസിസിഐ എത്തിക്‌സ് ഓഫീസര്‍ ജസ്റ്റിസ് ഡികെ ജയിന്‍റെ നോട്ടീസ്. നവംബര്‍ 21ന് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ദ്രാവിഡിന് നോട്ടീസ് നല്‍കിയതായി ബിസിസിഐ സ്ഥിരീകരിച്ചു. ഇത് രണ്ടാം തവണയാണ് ദ്രാവിഡിനെ ഡികെ ജയിന്‍ വിളിപ്പിക്കുന്നത്. നേരത്തെ മുംബൈയില്‍ വെച്ച് ദ്രാവിഡില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. 

മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ അംഗമായ സഞ്ജീവ് ഗുപ്‌ത നല്‍കിയ പരാതിയിലാണ് ജസ്റ്റിസ് ഡി കെ ജയിന്‍റെ നടപടി. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ(NCA) തലവനായ ദ്രാവിഡ്, ഇന്ത്യ സിമന്‍റ്‌സിന്‍റെ വൈസ് പ്രസിഡന്‍റ് പദവിയും വഹിക്കുന്നു എന്നായിരുന്നു സഞ്ജീവിന്‍റെ പരാതി. ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ഉടമകളാണ് ഇന്ത്യ സിമന്‍റ്‌സ്. എന്‍സിഎ തലവനായി ചുമതലയേല്‍ക്കും മുന്‍പ് ഇന്ത്യന്‍ അണ്ടര്‍ 19, ഇന്ത്യ എ ടീമുകളുടെ പരിശീലകനായിരുന്നു ദ്രാവിഡ്. 

ഇരട്ട പദവി വിഷയത്തില്‍ ദാദയുടെ നിലപാടും പാഴാകുന്നോ?

ഇരട്ട പദവി നിയമത്തില്‍ കാതലായ മാറ്റം ആവശ്യമാണെന്ന് ബിസിസിഐ പ്രസിഡന്‍റായി ചുമതലയേറ്റയുടനെ സൗരവ് ഗാംഗുലി വ്യക്തമാക്കിയിരുന്നു. 'ഇരട്ട പദവി വിഷയം ഇന്ത്യന്‍ ക്രിക്കറ്റിലെ സങ്കീര്‍ണ കാര്യമാണ്. അതില്‍ ഇടപെടേണ്ടതുണ്ട്. നാഷണല്‍ ക്രിക്കറ്റ് അക്കാദമി, ക്രിക്കറ്റ് ഉപദേശക സമിതി, ബാറ്റിംഗ് കോച്ച്, ഫീല്‍ഡിംഗ് കോച്ച് എന്നിവരുടെ നിയമനത്തിലെല്ലാം ഭിന്നതാല്‍പര്യത്തിന്‍റെ വിവാദങ്ങളുണ്ടായിരുന്നു' എന്നും ദാദ ഓര്‍മ്മിപ്പിച്ചു.

രാഹുല്‍ ദ്രാവിഡിനെ ജസ്റ്റിസ് ഡികെ ജയിന്‍ മുംബൈയില്‍ വിളിച്ചുവരുത്തിയതിനോട് രൂക്ഷമായി പ്രതികരിച്ചയാളുമാണ് ദാദ. 'ഇന്ത്യന്‍ ക്രിക്കറ്റിനെ ദൈവം രക്ഷിക്കട്ടെ' എന്നായിരുന്നു അന്ന് ഗാംഗുലിയുടെ മറുപടി. ഇന്ത്യ എ- അണ്ടര്‍ 19 ടീമുകളുടെ പരിശീലകനായിരിക്കേയാണ് ദ്രാവിഡിന് നോട്ടീസ് അയച്ചത്. ദ്രാവിഡിന് നോട്ടീസ് നല്‍കിയതില്‍ മുന്‍ സഹതാരം ഹര്‍ഭജന്‍ സിംഗും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. 'ഇന്ത്യന്‍ ക്രിക്കറ്റിന് ദ്രാവിഡിനേക്കാള്‍ മികച്ച വ്യക്തിയേ ലഭിക്കുമോ, നോട്ടീയ് അയച്ച് ഇതിഹാസങ്ങളെ അപമാനിക്കരുത്' എന്നായിരുന്നു ഭാജിയുടെ പ്രതികരണം. 

സഞ്ജീവ് ഗുപ്‌തയുടെ പരാതിയില്‍ ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്‌മണ്‍ എന്നിവരെയും ക്രിക്കറ്റ് ഉപദേശകസമിതി അംഗങ്ങളായിരുന്ന കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്‌ക്‌വാദ്, ശാന്ത രംഗസ്വാമി എന്നിവരെയും വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു ഡികെ ജയിന്‍. ഇരട്ട പദവിയും ഭിന്നതാല്‍പര്യങ്ങളുമില്ലെന്ന് സച്ചിനും വിവിഎസും വ്യക്തമാക്കി. കപില്‍ ദേവും ശാന്ത രംഗസ്വാമിയും വിവാദങ്ങളെ തുടര്‍ന്ന് രാജിവെക്കുകയും ചെയ്തു.