കഴിഞ്ഞ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനായി 163-നു മുകളിൽ സ്ട്രൈക്ക് റേറ്റിൽ 732 റൺസാണ് ഗിൽ അടിച്ചുകൂട്ടിയത്. ഐപിഎൽ കരിയറിലെ ഗില്ലിന്‍റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്.
മുംബൈ: ഐപിഎല്ലിൽ റണ്‍സടിച്ചുകൂട്ടുകയും ക്യാപ്റ്റനായി ഗുജറാത്തിനെ ഫൈനലിലെത്തിക്കുകയും ചെയ്തെങ്കിലും ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യൻ ടി20 ടീമിലേക്ക് പരിഗണിക്കേണ്ടെന്ന് സെലക്ടര്‍മാരുടെ തീരുമാനം. അമിത ജോലിഭാരവും പരിക്കുകളും ഒഴിവാക്കുന്നതിനായി, വരാനിരിക്കുന്ന 2027 ഏകദിന ലോകകപ്പ് വരെയുള്ള കാലയളവിൽ റെഡ്-ബോൾ (ടെസ്റ്റ്) ക്രിക്കറ്റിലും ഏകദിനത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ സെലക്ടർമാർ ഗില്ലിനോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനായി 163-നു മുകളിൽ സ്ട്രൈക്ക് റേറ്റിൽ 732 റൺസാണ് ഗിൽ അടിച്ചുകൂട്ടിയത്. ഐപിഎൽ കരിയറിലെ ഗില്ലിന്‍റെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്. എന്നാൽ മലയാളി താരം സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, ഐപിഎല്ലിൽ വിസ്മയം തീർത്ത വൈഭവ് സൂര്യവംശി എന്നിവരെല്ലാം ഓപ്പണര്‍മാരായും ടോപ്ഓര്‍ഡറിലും പരിഗണിക്കാവുന്നരായി ഉള്ളപ്പോള്‍ ഗില്ലിന് എവിടെ ഇടം നല്‍കുമെന്നതും സെലക്ടര്‍മാര്‍ക്ക് മുന്നിലെ വലിയ വെല്ലുവിളിയായിരുന്നു. യശസ്വി ജയ്സ്വാളിനെയും പ്രിയാന്‍ഷ് ആര്യയെയും പ്രഭ്‌സിമ്രാൻ സിംഗിനെയും പോലുള്ള താരങ്ങള്‍ ഓപ്പണര്‍ സ്ഥാനത്തിനായി ശക്തമായി മത്സരരംഗത്തുണ്ട്.
തുടർച്ചയായി മൂന്ന് ഫോർമാറ്റിലും കളിക്കുന്നത് ഗില്ലിന്‍റെ ഫിറ്റ്നസിനെ ബാധിക്കുമെന്ന ആശങ്ക സെലക്ഷൻ കമ്മിറ്റിക്കുണ്ട്. അടുത്ത 18 മാസത്തേക്ക് ഇന്ത്യൻ ടീമിനുള്ള മത്സരക്രമം അനുസരിച്ച് ഒരു കളിക്കാരന് മൂന്ന് ഫോർമാറ്റിലും ഒരേപോലെ തിളങ്ങുക അസാധ്യമാണ്. അടുത്ത രണ്ട് വർഷത്തിനിടയിൽ 9 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരങ്ങളിലും 2027 ലോകകപ്പിന് മുൻപായി 35-ഓളം ഏകദിനങ്ങളിലും ഗില്ലിന് ഇന്ത്യയെ നയിക്കേണ്ടതുണ്ട്. അതുകൊണ്ട് ഈ രണ്ട് പ്രധാന ഐസിസി ടൂർണമെന്‍റുകൾക്കായി താരം പൂർണ്ണ ഫിറ്റ്നസോടെ ഇരിക്കണമെന്ന കാര്യത്തിൽ വ്യക്തമായ ആശയവിനിമയം നടന്നിട്ടുണ്ട്. ഗുജറാത്ത് ടൈറ്റൻസിനെ നയിച്ച് ഐപിഎല്ലിലും ഗില്ലിന് കളിക്കേണ്ടതുണ്ട്.
നിലവിൽ ബിസിസിഐയുടെ ടി20 പദ്ധതികളിൽ ഗില്ലിനെ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും, താരം പൂർണ്ണമായി ടി20 ഫോർമാറ്റിൽ നിന്ന് പുറത്തായെന്ന് ഇതിനർത്ഥമില്ല. 2028-ൽ നടക്കാനിരിക്കുന്ന ലോസ് ഏയ്ഞ്ചൽസ് ഒളിമ്പിക്സ്, ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പ് എന്നിവയ്ക്ക് മുന്നോടിയായി ഗിൽ വീണ്ടും ടി20 ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ.
