ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ താരങ്ങള്‍ക്ക് പെരുമാറ്റച്ചട്ടവുമായി ബിസിസിഐ. പെരുമാറ്റച്ചട്ടത്തിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. താരങ്ങള്‍ ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കണമെന്നും പര്യടനത്തിന് പോകുമ്പോള്‍ കുടുംബത്തിനൊപ്പം തനിച്ച് യാത്ര വേണ്ടെന്നതടക്കമുള്ളവയാണ് പുതിയ നിബന്ധനകള്‍.

ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ താരങ്ങള്‍ക്ക് പെരുമാറ്റച്ചട്ടവുമായി ബിസിസിഐ. പെരുമാറ്റച്ചട്ടത്തിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. താരങ്ങള്‍ ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കണമെന്നതടക്കം നിരവധി പുതിയ നിയന്ത്രണങ്ങളാണ് ബിസിസിഐ കൊണ്ടുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് ബിസിസിഐ യോഗം ചേര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് പെരുമാറ്റച്ചട്ടം പുറത്തിറക്കിയത്.

ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ ഇളവ് വേണമെങ്കിൽ സെലക്ഷൻ കമ്മിറ്റി ചെയര്‍മാന്‍റെ അനുമതി വേണം. മത്സരത്തിനായി പങ്കെടുക്കാൻ പോകുമ്പോള്‍ താരങ്ങള്‍ ഒന്നിച്ച് യാത്ര ചെയ്യണമെന്നും കുടുംബത്തിനൊപ്പം തനിച്ച് യാത്ര അനുവദിക്കില്ലെന്നും പെരുമാറ്റച്ചട്ടത്തിൽ പറയുന്നു. വിദേശ യാത്രക്ക് ഉള്‍പ്പെടെ ഈ നിബന്ധന ബാധകമായിരിക്കും. പരമ്പര അവസാനിക്കുന്നത് വരെ ടീമിനൊപ്പം താരങ്ങള്‍ തുടരണം. പരമ്പരയ്ക്കിടെ പരസ്യ ചിത്രീകരണം അനുവദിക്കില്ല. പരിശീലന സെഷനിൽ മുഴുവൻ സമയം പങ്കെടുക്കണമെന്നും സ്വന്തം സെഷനു ശേഷം മടങ്ങാൻ പാടില്ലെന്നും ബിസിസിഐയുടെ ചട്ടത്തിൽ വിശദീകരിക്കുന്നുണ്ട്.

ബിസിസിഐയുടെ അനുമതിയില്ലാതെ പേഴ്സണൽ സ്റ്റാഫിനെ പര്യടനങ്ങള്‍ക്ക് താരങ്ങള്‍ കൊണ്ടുവപോകാന്‍ പാടില്ല. 45 ദിവസത്തെ വിദേശ പര്യടനത്തിൽ 14 ദിവസം കുടുംബത്തിനു ഒപ്പം താമസിക്കാം. കോച്ചും ക്യാപ്റ്റനും മുൻകൂട്ടി അനുമതി നൽകുന്ന ദിവസങ്ങളിൽ മാത്രമേ കുടുംബത്തിന് വരാനാകു. പെരുമാറ്റച്ചട്ടങ്ങളിൽ വീഴ്ച വരുത്തിയാൽ അച്ചടക്ക നടപടിയുണ്ടാകുമെന്നും ബിസിസിഐ വ്യക്തമാക്കുന്നുണ്ട്. പര്യടനത്തിന് പോകുമ്പോള്‍ കൊണ്ടുപോകുന്ന ലഗേജിന്‍റെ പരിധിയിലും നിബന്ധനയുണ്ട്. ടീമിന് അനുവദിച്ചിട്ടുള്ള ലഗേജിൽ കൂടുതൽ കൊണ്ടുപോകാൻ പാടില്ല. അങ്ങനെ കൊണ്ടുപോയാൽ അതിന്‍റെ ചിലവ് താരങ്ങള്‍ സ്വന്തം വഹിക്കണം. പര്യടനത്തിനിടെ വ്യക്തിപരമായ ഷൂട്ടിങുകള്‍ അനുവദിക്കില്ല. 

ഇനി എളുപ്പമല്ല, ഇന്ത്യൻ ടീം സെലക്ഷന് വീണ്ടും യോ യോ ടെസ്റ്റ് നിര്‍ബന്ധമാക്കാനൊരുങ്ങി ബിസിസിഐ


YouTube video player