മുംബൈ: കേവലമൊരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം. എന്നാല്‍ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ വിജയങ്ങളും കിരീടങ്ങളും സമ്മാനിച്ച ക്യാപ്റ്റന്‍ ഇങ്ങനെയല്ല വിരമിക്കേണ്ടതെന്ന് ക്രിക്കറ്റ് ആരാധകര്‍ ആഗ്രഹിച്ചിരുന്നു. അവര്‍ക്കൊപ്പം മുന്‍ ക്രിക്കറ്റ് താരങ്ങളും പറഞ്ഞു ധോണിക്ക് ഒരു വിടവാങ്ങല്‍ മത്സരം ഒരുക്കാന്‍. ഇങ്ങനെയൊരു നിര്‍ദേശം ഗൗരവത്തിലെടുക്കുകയാണ് ബിസിസിഐ. ഇപ്പോള്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ ഈ നിര്‍ദേശം സാധ്യമാകുന്ന കാര്യമല്ല. എന്നാല്‍ ഐപിഎല്ലിന് ശേഷം ധോണിക്ക് ഒരു വിടവാങ്ങല്‍ മത്സരം നടത്താനാണ് ബിസിസിഐ പദ്ധതിയിടുന്നത്. എന്നാല്‍ അതിന് ധോണിയുടെ സമ്മതം കൂടി വേണമെന്ന് മാത്രം.

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിലെ സെമി ഫൈനല്‍ മത്സരത്തിലാണ് ധോണ് അവസാനമായി കളിച്ചത്. ഇപ്പോള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനായി തയ്യാറെടുക്കുകയാണ് ധോണി. വിടവാങ്ങല്‍ മത്സരം ഒരുക്കുന്ന കാര്യം ധോണിയുമായി സംസാരിക്കുന്നമെന്ന് ബിസിസിഐ പ്രതിനിധി വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ... ''ഇന്ത്യക്ക് വേണ്ടി ലോകകപ്പ് ഉള്‍പ്പെടെ മഹത്തായ വിജയങ്ങള്‍ സമ്മാനിച്ച ക്യാപ്റ്റനാണ് ധോണി. അദ്ദേഹത്തിന്റെ വിരമിക്കല്‍ ഇങ്ങനെ ആയിക്കൂടെന്ന് ബിസിസിഐക്ക് നിര്‍ബന്ധമുണ്ട്. നിലവില്‍ ഇന്ത്യന്‍ ടീമിന് അന്താരാഷ്ട്ര മത്സരങ്ങള്‍ ഒന്നുംതന്നെയില്ല. എന്നാല്‍ ഐപിഎല്ലിന് ശേഷം അദ്ദേഹത്തിന് വിരമിക്കല്‍ മത്സരം ഒരുക്കുന്ന കാര്യം ചര്‍ച്ച ചെയ്യാം. 

അങ്ങനെയൊരു മത്സരം ഒരുക്കാന്‍ ബിസിസിഐ ഒരുക്കമാണ്. എന്നാല്‍ ധോണിയുടെ അഭിപ്രായം മാത്രമാണ് അറിയേണ്ടത്. അപ്രതീക്ഷിതമായ സമയത്താണ് ധോണി വിരമിച്ചത്. ഇങ്ങനെയൊരു മത്സരത്തെ കുറിച്ച് ധോണി എന്ത് മറുപടി പറയുമെന്ന് അറിയില്ല. ഇനി അദ്ദേഹം സമ്മതിച്ചാലും ഇല്ലെങ്കിലും ഒരു വലിയ യാത്രയയപ്പ് തന്നെ ബിസിസിഐ നല്‍കും.'' ബിസിസിഐ പ്രതിനിധി പറഞ്ഞു. 

ധോണി ഇങ്ങനെയല്ല കളമൊഴിയേണ്ടതെന്ന് മുന്‍ ഇന്ത്യന്‍ താരം മദന്‍ലാലും അഭിപ്രായപ്പെട്ടിരുന്നു. ബിസിസിഐ വിചാരിച്ചാല്‍ ഒരു യാത്രയയപ്പ് മത്സരം ഇന്ത്യയില്‍ തന്നെ ഒരുക്കാവുന്നതാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. നേരത്തെ മുന്‍ പാകിസ്ഥാന്‍ താരങ്ങളായ ഷൊയ്ബ് അക്തര്‍, ഷഹീദ് അഫ്രീദി എന്നിവരും ധോണിക്ക് വിടവാങ്ങല്‍ മത്സരം സംഘടിപ്പിക്കണെന്ന് അഭിപ്രായപ്പെട്ടിരുന്നു.