അടുത്തവര്‍ഷം അഞ്ചോ ആറോ ടീമുകളെ ഉള്‍പ്പെടുത്തി വനിതാ ഐപിഎല്‍ സംഘടിപ്പിക്കാനാണ് ആലോചിക്കുന്നതെന്ന്ഐപിഎല്‍ ഭരണസമിതി യോഗത്തിനുശേഷം ഗാംഗുലി പറഞ്ഞു.

മുംബൈ: അടുത്ത വര്‍ഷം മുതല്‍ വനിതാ ഐപിഎല്‍(Women's IPL ) തുടങ്ങാന്‍ ബിസിസിഐ തത്വത്തില്‍ ധാരണയിലെത്തി.ആദ്യ ഘട്ടത്തില്‍ അഞ്ചോ ആറോ ടീമുകളെ പങ്കെടുപ്പിച്ച് ടൂര്‍ണമെന്‍റ് നട്ടാത്താനാണ് ബിസിസിഐ(BCCI) ആലോചിക്കുന്നത്. ഇതിന് മുന്നോടിയായി ഈ വര്‍ഷം വനിതാ താരങ്ങളുടെ നാല് പ്രദര്‍ശന മത്സരങ്ങള്‍ നടത്തുമെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി(Sourav Ganguly) പറഞ്ഞു.

വനിതാ ഐപിഎല്‍ തുടങ്ങാന്‍ വിമുഖത കാട്ടുന്ന ബിസിസിഐയുടെ നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. വനിതാ ഐപിഎല്‍ തുടങ്ങാന്‍ ബിസിസിഐയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന്‍റെ അനുമതി വേണം. ഈ സാഹചര്യത്തില്‍ അടുത്തവര്‍ഷം അഞ്ചോ ആറോ ടീമുകളെ ഉള്‍പ്പെടുത്തി വനിതാ ഐപിഎല്‍ സംഘടിപ്പിക്കാനാണ് ആലോചിക്കുന്നതെന്ന്ഐപിഎല്‍ ഭരണസമിതി യോഗത്തിനുശേഷം ഗാംഗുലി പറഞ്ഞു. ഫെബ്രുവരിയില്‍ പിടിഐക്ക് നല്‍കിയ അഭിമുഖത്തിലും 2023ല്‍ വനിതാ ഐപിഎല്‍ തുടങ്ങുമെന്ന് ഗാംഗുലി വ്യക്തമാക്കിയിരുന്നു.

ഈ വര്‍ഷം ഐപിഎല്‍ പ്ലേ ഓഫിന്‍റെ ഇടവേളയിലായിരിക്കും വനിതകളുടെ പ്രദര്‍ശന മത്സരങ്ങള്‍ നടക്കുകയെന്ന് ഐപിഎല്‍ ഭരണസമിതി ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ വ്യക്തമാക്കി. മൂന്ന് ടീമുകള്‍ ഉള്‍പ്പെടുന്ന നാലു മത്സരങ്ങളാകും കളിക്കുക.നിലവില്‍ ഇന്ത്യന്‍ വനിതാ താരങ്ങള്‍ക്ക് തെരഞ്ഞെടുത്ത വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുമതിയുണ്ട്. ഇന്ത്യന്‍ താരങ്ങള്‍ ഓസ്ട്രേലിയയിലെ വനിതാ ബിഗ് ബാഷ് ലീഗില്‍ സ്ഥിരം സാന്നിധ്യങ്ങളുമാണ്. വനിതാ ഐപിഎല്‍ തുടങ്ങിയാല്‍ പുരുഷ താരങ്ങളെപ്പോലെ വനിതാ താരങ്ങളെയും വിദേശ ലീഗുകളില്‍ കളിക്കുന്നതില്‍ നിന്ന് വിലക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഐപിഎൽ പതിനഞ്ചാം സീസണിന് ശനിയാഴ്ചയാണ് മുംബൈയിൽ തുടക്കമാവുന്നത്. നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സ് ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് നേരിടുക. വാംഖഡേ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. കഴിഞ്ഞ സീസണിലെ ഫൈനലിന്‍റെ ആവർത്തനമാണ് ഇത്തവണത്തെ ആദ്യ മത്സരം. ധോണി നായകസ്ഥാനം ഒഴിഞ്ഞതോടെ രവീന്ദ്ര ജഡേജക്ക് കീഴിലാണ് ചെന്നൈ ഇത്തവണ ഇറങ്ങുന്നത്.

ഗുജറാത്ത് ടൈറ്റൻസും ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സും വന്നതോടെ ഈ സീസൺ മുതൽ ഐപിഎല്ലിൽ പത്ത് ടീമുകളാണ് മത്സരിക്കുന്നത്. 65 ദിവസം നീണ്ടുനില്‍ക്കുന്ന സീസണില്‍ 70 ലീഗ് മത്സരങ്ങളും നാല് പ്ലേ ഓഫ് കളികളും നടക്കും. മെയ് 29നാണ് കലാശപ്പോര്. പ്ലേ ഓഫ് മത്സരക്രമം പിന്നീട് പ്രഖ്യാപിക്കും.