മുംബൈ: ഒരോവറിലെ എല്ലാ പന്തും സിക്സറടിക്കുകയെന്നത് ക്രിക്കറ്റില്‍ അപൂര്‍വ്വമായി മാത്രമേ സംഭവിച്ചിട്ടുള്ളു. അന്താരാഷ്ട്രാ ക്രിക്കറ്റില്‍ രണ്ട് പ്രാവശ്യം മാത്രമാണ് ആ മനോഹര കാഴ്ച ദൃശ്യമായിട്ടുള്ളത്. ഏകദിന ചരിത്രത്തില്‍ ഹെര്‍ഷല്‍ ഗിബ്സാണ് റെക്കോര്‍ഡ് അടിച്ചെടുത്തതെങ്കില്‍ ടി ട്വന്‍റിയുടെ മുഖം മാറ്റിയത് യുവരാജ് സിംഗായിരുന്നു.

ഇന്ത്യന്‍ കായിക പ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത ആ നിമിഷങ്ങള്‍ക്ക് പന്ത്രണ്ട് വയസ് പിന്നിട്ടിരിക്കുന്നു. 2007 സെപ്തംബര്‍ 19 നായിരുന്നു ചരിത്രത്തിലേക്കുള്ള യുവരാജിന്‍റെ ആറാട്ട്. ഇംഗ്ലണ്ടിനെതിരായ ടി ട്വന്‍റി ലോകകപ്പ് പോരാട്ടത്തിനിടയില്‍ സ്റ്റുവര്‍ട്ട് ബ്രോഡ് എന്ന യുവ പേസറായിരുന്നു യുവിയുടെ വമ്പനടികള്‍ ഏറ്റുവാങ്ങിയത്. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ബ്രോഡിനെ നിലംതൊടാതെ അതിര്‍ത്തിക്ക് മുകളിലൂടെ പായിച്ച യുവരാജ് തൊടുത്തുവിട്ട ആവേശത്തില്‍ ടീം ഇന്ത്യ ആ ലോകകിരീടവും സ്വന്തമാക്കിയാണ് മടങ്ങിയത്.

മത്സരത്തിന്‍റെ പത്തൊന്‍പതാം ഓവറിലെ എല്ലാ പന്തുകളുമാണ് നിലം തൊടാതെ യുവി പറത്തിയത്. പതിനെട്ടാം ഓവര്‍ എറിഞ്ഞ ഫ്ലിന്‍റോഫുമായി ഉരസിയ യുവിക്ക് മുന്നിലേക്കാണ് ബ്രോഡ് എത്തിയത്. എല്ലാ പന്തുകളും അതിര്‍ത്തിക്ക് മുകളിലൂടെ പറക്കുന്നത് കണ്ട് നിസ്സഹായനായി നില്‍ക്കാന്‍ മാത്രമേ പിന്നീട് ലോകക്രിക്കറ്റിലെ മികച്ച ബൗളറായി പേരെടുത്ത അന്നത്തെ ആ പയ്യന് സാധിച്ചുള്ളു. 12 പന്തില്‍ അര്‍ധ സെഞ്ചുറി കുറിച്ച യുവരാജ് റെക്കോര്‍ഡുകളും വാരിക്കൂട്ടിയാണ് കളംവിട്ടത്.

അന്ന് യുവിയുടെ സിക്സറുകള്‍ കമന്‍ററി ബോക്സിലിരുന്ന് രവിശാസ്ത്രി വര്‍ണിച്ചതും അത്രയും മനോഹരമായിട്ടായിരുന്നു. ഒരു വ്യാഴവട്ടം പിന്നിടുമ്പോഴും അത്തരത്തിലൊരു കാഴ്ച ക്രിക്കറ്റിന്‍റെ ഒരു ഫോര്‍മാറ്റിലും കാണാനായിട്ടില്ല. യുവരാജിന്‍റെ അത്ഭുത പ്രകടനത്തിന് പന്ത്രണ്ട് വയസ് പിന്നിടുമ്പോള്‍ ബിസിസിഐ അടക്കം പ്രശംസയുമായി രംഗത്തെത്തിയിട്ടുണ്ട്.