2028 സീസൺ മുതൽ മത്സരങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഐപിഎൽ ഗവേണിംഗ് കൗൺസിൽ ഒരുങ്ങുന്ന സാഹചര്യത്തിൽ, ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ അനുയോജ്യമായ ഒരു ടൈം സ്ലോട്ട് കണ്ടെത്തേണ്ടത് അനിവാര്യമാണെന്ന് അരുണ്‍ ധുമാല്‍.

മുംബൈ: മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള ഐപിഎല്ലിന്‍റെ പതിവ് മത്സരക്രമത്തില്‍ മാറ്റം വരുത്താൻ ബിസിസിഐ ആലോചിക്കുന്നതായി റിപ്പോർട്ട്. 2008-ൽ ടൂർണമെന്‍റ് ആരംഭിച്ചതുമുതൽ മാർച്ച് - മെയ് മാസങ്ങളിലെ വേനൽക്കാലത്താണ് ഐപിഎൽ നടക്കാറുള്ളത്. എന്നാൽ, കളിക്കാരുടെ കടുത്ത ശാരീരിക ക്ഷീണവും ഇന്ത്യയിലെ റെക്കോർഡ് ചൂടും കണക്കിലെടുത്ത് ടൂർണമെന്‍റ് വർഷത്തിന്റെ രണ്ടാം പകുതിയിലേക്ക് (സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിലേക്ക്) മാറ്റാനാണ് ബിസിസിഐ ഇപ്പോള്‍ ആലോചിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഐപിഎൽ ചെയർമാൻ അരുൺ ധൂമൽ തന്നെയാണ് ഈ സൂചന നൽകിയത്. 2028 സീസൺ മുതൽ മത്സരങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ ഐപിഎൽ ഗവേണിംഗ് കൗൺസിൽ ഒരുങ്ങുന്ന സാഹചര്യത്തിൽ, ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ അനുയോജ്യമായ ഒരു ടൈം സ്ലോട്ട് കണ്ടെത്തേണ്ടത് അനിവാര്യമാണെന്ന് അരുണ്‍ ധുമാല്‍ വ്യക്തമാക്കി. മെയ് മാസത്തിലെ കഠിനമായ ചൂടും അന്തരീക്ഷ ഈർപ്പവും താരങ്ങളെ ശാരീരികമായി വല്ലാതെ തളർത്തുന്നുണ്ട്. മത്സരങ്ങൾക്കിടയിലെ അമിത ക്ഷീണം, പേശിവലിവ് അടക്കമുള്ള പ്രശ്നങ്ങള്ഡ, നിർജ്ജലീകരണം എന്നിവ കാരണം പല വിദേശ-ആഭ്യന്തര താരങ്ങൾക്കും പരിക്കേൽക്കുന്നത് പതിവാണ്. സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിൽ ഇന്ത്യയിലെ കാലാവസ്ഥ കൂടുതൽ അനുകൂലമായിരിക്കും.

അന്താരാഷ്ട്ര ക്രിക്കറ്റ് കലണ്ടർ അനുസരിച്ച് ഫെബ്രുവരി - മാർച്ച് മാസങ്ങളിലെ കടുത്ത പരമ്പരകൾ കഴിഞ്ഞെത്തുന്ന താരങ്ങൾക്ക് ഒട്ടും വിശ്രമമില്ലാതെ നേരെ ഐപിഎല്ലിന്‍റെ ഉയർന്ന സമ്മർദ്ദത്തിലേക്ക് ഇറങ്ങേണ്ടി വരുന്നതും ബിസിസിഐ കണക്കിലെടുക്കുന്നുണ്ട്. ടൂർണമെന്‍റ് മാറ്റുന്നത് താരങ്ങൾക്ക് ആവശ്യത്തിന് വിശ്രമ സമയം നൽകുമെന്നാണ് ബിസിസിഐ വിലയിരുത്തല്‍. ഇതിന് പുറമെ ഇന്ത്യയില്‍ ദീപാവലി ഉള്‍പ്പെടെുള്ള ഉത്സവ സീസണ്‍ സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിലാണ്. ഈ സമയം പരസ്യദാതാക്കളുടെ സുവർണ്ണകാലമാണ്. ദീപാവലി ഉത്സവ സീസണോട് അനുബന്ധിച്ച് കമ്പനികൾ വലിയ തോതിൽ പരസ്യങ്ങള്‍ക്കായി പണം ചിലവഴിക്കാറുണ്ട്. ഈ സമയത്ത് ഐപിഎൽ വരുന്നത് ഫ്രാഞ്ചൈസികൾക്കും ബ്രോഡ്കാസ്റ്റർമാർക്കും കോടികളുടെ അധിക വരുമാനം ഉറപ്പാക്കുമെന്നാണ് ബിസിസിഐ കരുതുന്നത്.

ടൂർണമെന്‍റിന്‍റെ മത്സരക്രമം മാറ്റുന്നതുമായി ബന്ധപ്പെട്ട് ബ്രോഡ്കാസ്റ്റർമാരുമായി സംസാരിച്ച് അവരുടെ അഭിപ്രായം തേടേണ്ടതുണ്ടെന്നും അരുണ്‍ ധുമാല്‍ പറഞ്ഞു. സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിലേക്ക് മാറ്റണമെന്നത് ഒരു പ്രധാന നിർദ്ദേശമാണ്. ദീപാവലിക്ക് തൊട്ടുമുമ്പുള്ള സമയമായതിനാൽ പരസ്യദാതാക്കളുടെ ഭാഗത്തുനിന്ന് നോക്കുമ്പോൾ ഇത് ഏറ്റവും മികച്ച വിൻഡോയാണ്. അടുത്ത ഉഭയകക്ഷി പരമ്പരകളുടെ ടെൻഡർ വരുമ്പോൾ ഈ സാധ്യത ഞങ്ങൾ ഗൗരവമായി പരിശോധിക്കുമെന്നും അരുണ്‍ ധുമാല്‍ വ്യക്തമാക്കി. നിലവിൽ 10 ടീമുകളിലായി 74 മത്സരങ്ങളാണ് ഐപിഎല്ലിൽ ഉള്ളത്. ലോകത്തിലെ മുൻനിര താരങ്ങളെല്ലാം അണിനിരക്കുന്ന ടൂർണമെന്‍റായതിനാൽ ബിസിസിഐക്ക് ഏകപക്ഷീയമായി ഈ തീരുമാനമെടുക്കാൻ കഴിയില്ല.

ഐപിഎൽ കലണ്ടർ മാറ്റുന്നത് ക്രിക്കറ്റ് ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്, വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് എന്നിവയുടെ ആഭ്യന്തര മത്സരങ്ങളെയും, വർഷത്തിന്‍റെ ആദ്യ പകുതിയിൽ നടക്കാറുള്ള പാകിസ്ഥാൻ സൂപ്പർ ലീഗ് പോലെയുള്ള മറ്റ് ടി20 ലീഗുകളുടെ ഷെഡ്യൂളുകളെയും സ്വാധീനിച്ചേക്കാം. അതുകൊണ്ട് തന്നെ മറ്റ് രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡുകളുമായി വിശദമായ ചർച്ചകൾ നടത്തിയശേഷമെ ബിസിസിഐക്ക് തീരുമാനമെടുക്കാനാവു എന്നാണ് കരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക