കൊല്‍ക്കത്ത: ഇന്ത്യന്‍ ടീമിൽ എം എസ് ധോണിയുടെ ഭാവി സംബന്ധിച്ച് ഉടന്‍ വ്യക്തത വരുമെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ഇക്കാര്യത്തെ കുറിച്ച് ധോണിക്കും ബിസിസിഐക്കും സെലക്‌ടര്‍മാര്‍ക്കും ഇടയിൽ ധാരണയായിട്ടുണ്ട്. എന്നാല്‍ എല്ലാ കാര്യങ്ങളും പരസ്യമായി പറയാന്‍ കഴിയില്ലെന്നും ഗാംഗുലി കൊൽക്കത്തയിൽ മാധ്യമങ്ങളോട് പറഞ്ഞു.

ജനുവരി വരെ ക്രിക്കറ്റിനെ കുറിച്ച് ചോദിക്കരുതെന്ന് ധോണി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഗാംഗുലിയുടെ വെളിപ്പെടുത്തൽ. ഇന്ത്യയുടെ ചാംപ്യന്‍ താരങ്ങളില്‍ ഒരാളാണ് ധോണിയെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു. ജൂലൈയിൽ ഏകദിന ലോകകപ്പില്‍ ഇന്ത്യ പുറത്തായതിന് ശേഷം ധോണി രാജ്യത്തിനായി കളിച്ചിട്ടില്ല.

ഐപിഎല്‍ നിര്‍ണായകം

ധോണിയുടെ ഭാവി സംബന്ധിച്ചറിയാന്‍ ഐപിഎല്‍ വരെ കാത്തിരിക്കാന്‍ പരിശീലകന്‍ രവി ശാസ്‌ത്രി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. "എപ്പോള്‍ വീണ്ടും കളിക്കാനാരംഭിക്കുന്നു, ഐപിഎല്ലിലെ പ്രകടനം എന്നിവ പരിഗണിച്ചായിരിക്കും ടീമില്‍ ധോണിയുടെ ഭാവി. ധോണിയുടെ ഫോമും മറ്റ് വിക്കറ്റ് കീപ്പര്‍മാരുടെ ഫോമും നിര്‍ണായകമാകും" എന്നും ഇന്ത്യന്‍ പരിശീലകന്‍ അഭിപ്രായപ്പെട്ടിരുന്നു. 

ലോകകപ്പിനുശേഷം നടന്ന വെസ്റ്റ് ഇന്‍ഡീസിനും ദക്ഷിണാഫ്രിക്കയ്‌ക്കും ബംഗ്ലാദേശിനും എതിരായ പരമ്പരകളില്‍ നിന്ന് വിട്ടുനിന്ന ധോണി ജനുവരിയില്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ തിരിച്ചെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.