കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ നെഞ്ചു വേദനയെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ മാസമാദ്യം ഹൃദായാഘാത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. മൂന്ന് ബ്ലോക്കുകള്‍ കണ്ടെത്തിയതിന് പിന്നാലെയാണ്  കൊല്‍ക്കത്തയിലെ വുഡ്ലാന്‍ഡ്‌സ് ആശുപത്രിയില്‍  ആന്‍ജിയോപ്ലാസ്റ്റി നടത്തിയത്. 

തുടര്‍ന്ന് ജനുവരി ഏഴിന് ആശുപത്രി വിട്ടതിനെ തുടര്‍ന്ന് വീട്ടില്‍ വിശ്രമിത്തിലായിരുന്നു മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ ഗാംഗുലി. ശേഷം ഒരു മാസത്തിനകം അദേഹം പഴയ നിലയിലേക്ക് എത്തുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. വീട്ടിലേക്ക് മാറുമ്പോഴും പ്രത്യേക മെഡിക്കല്‍ സംഘം എല്ലാ ദിവസവും ആരോഗ്യനില വിലയിരുത്തിയിരുന്നു. 

ഗാംഗുലിയുടെ ഇപ്പോഴത്തെ നില തൃപ്തികരമാണെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ രണ്ട് ദിവസം ആശുപത്രിയില്‍ തുടരാന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ തവണ വീട്ടിലൊരുക്കിയ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെയായിരുന്നു ഗാംഗുലിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്.