ബംഗലൂരു: ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയും, ദേശീയ ക്രിക്കറ്റ് അക്കാദമി(എന്‍സിഎ) അധ്യക്ഷന്‍ രാഹുല്‍ ദ്രാവിഡും നാളെ കൂടിക്കാഴ്ച നടത്തും. ബംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് കൂടിക്കാഴ്ച. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി സംബന്ധിച്ചും, കൂടുതൽ കൗമാരതാരങ്ങളെ കണ്ടെത്തുന്നതിനെ കുറിച്ചും ഇരുവരും ചര്‍ച്ച നടത്തും. എന്‍സിഎയില്‍ വരുത്തേണ്ട മാറ്റങ്ങളും ചര്‍ച്ചയില്‍ വിഷയമാവും.

ഗാംഗുലിക്കൊപ്പം ചുമതലയേറ്റ ബിസിസിഐ ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന. ജൂലൈയിലാണ് ദ്രാവിഡ് അക്കാദമി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. ഭിന്നതാല്‍പര്യ വിവാദത്തിൽ ദ്രാവിഡിന് ശക്തമായ പിന്തുണയുമായി ഗാംഗുലി രംഗത്തെത്തിയിരുന്നു.

എന്‍സിഎയിൽ ഉള്ള ജസ്പ്രീത് ബുമ്ര, ഹാര്‍ദിക് പണ്ഡ്യ, പ്രിഥ്വി ഷോ എന്നിവരുമായി ഗാംഗുലി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രതിഭകളെ വാര്‍ത്തെടുക്കുന്ന എന്‍സിഎ സമീപകാലത്ത് പരിക്കേറ്റ താരങ്ങള്‍ക്കുള്ള പരിശീലന കേന്ദ്രമായും പ്രവര്‍ത്തിക്കുന്നുണ്ട്.