മുംബൈ: ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാന്റെ വളര്‍ച്ചയില്‍ ഒരു പങ്ക് ഇന്ത്യക്കുമുണ്ട്. അഫ്ഗാന് അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നത് ഇന്ത്യ അനുവദിച്ച ഹോം ഗ്രൗണ്ടുകളിലാണ്. അഫ്ഗാന്‍ താരങ്ങള്‍ ഐപിഎല്ലിലും അംഗങ്ങളാണ്. എന്നാല്‍ ഒരു നിര്‍ണായക ആശ്യവുമായെത്തിയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ കൈയൊഴിഞ്ഞിരിക്കുകയാണ് ബിസിസിഐ. 

അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗ് ഇന്ത്യയില്‍ നടത്താനുള്ള അനുമതിയാണ് അഫ്ഗാന്‍ തേടിയത്. എന്നാല്‍ ബിസിസിഐ പറ്റില്ലെന്ന് തീര്‍ത്ത് പറയുകയായിരുന്നു. ഇന്ത്യയില്‍ സ്വന്തമായി ഒരു ക്രിക്കറ്റ് ലീഗുണ്ടാവുമ്പോള്‍ മറ്റൊരു രാജ്യത്തിന്റേത് കൂടി അനുവദിക്കാന്‍ കഴിയില്ലെന്ന് ബിസിസിഐ വ്യക്തമാക്കി.

മറ്റൊരു ആവശ്യം കൂടി അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് സിഇഒ അസാദുള്ള ഖാന്‍ ഉന്നയിച്ചു. ഡെറാഡൂണ്‍, നോയ്ഡ എന്നിവയ്ക്ക് പുറമെ മൂന്നാമത് ഒരു ഗ്രൗണ്ട് കൂടി നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ ബിസിസിഐ സമ്മതം മൂളിയതായിട്ടാണ് വിവരം. ലക്‌നൗവിലായിരിക്കും അഫ്ഗാന്റെ മൂന്നാം ഹോംഗ്രൗണ്ട്. 

കഴിഞ്ഞ വര്‍ഷമാണ് ആദ്യ അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗ് നടന്നത്. അഞ്ച് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. ക്രിസ് ഗെയ്ല്‍, ബ്രന്റണ്‍ മക്കല്ലം, ബെന്‍ കട്ടിങ്, ഷാഹിദ് അഫ്രീദി, കോളിന്‍ ഇന്‍ ഗ്രാം, കോളിന്‍ മണ്‍റോ എന്നിവര്‍ ടൂര്‍ണമെന്റിന്റെ ഭാഗമായിരുന്നു.