നിര്‍ദേശം കര്‍ശനമായി നടപ്പാക്കിയാല്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിനുശേഷം ഒഴിവാക്കപ്പെട്ട ശ്രേയസ് അയ്യരും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ വിശ്രമം എടുത്ത് ടീമില്‍ നിന്ന് പുറത്തുപോയ ഇഷാന്‍ കിഷനുമെല്ലാം രഞ്ജി ട്രോഫിയില്‍ കളിക്കേണ്ടിവരും.
മുംബൈ: രാജ്യത്തലെ പ്രധാന റെഡ് ബോള്‍ ടൂര്‍ണമെന്‍റായ രഞ്ജി ട്രോഫിയില്‍ കളിക്കാതെ ഇപ്പോഴെ ഐപിഎല്ലിന് തയാറെടുക്കുന്ന കളിക്കാര്‍ക്ക് മുന്നറിയിപ്പുമായി ബിസിസിഐ. ഇന്ത്യന്‍ ടീമിലില്ലാത്ത താരങ്ങള്‍ എത്ര സീനിയറായാലും രഞ്ജി ട്രോഫിയില്‍ അവരുടെ സംസ്ഥാനത്തിന് വേണ്ടി കളിക്കാന്‍ ഇറങ്ങണമെന്ന നിര്‍ദേശമാണ് ബിസിസിഐ കളിക്കാര്‍ക്ക് നല്‍കുന്നത്.
ഈ നിര്‍ദേശം വരും ദിവസങ്ങളില്‍ കളിക്കാര്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. പല കളിക്കാരും ഇന്ത്യൻ ടീമില്‍ കളിക്കുന്നില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിലോ രഞ്ജി ട്രോഫിയിലോ കളിക്കാന്‍ താല്പര്യം പ്രകടിപ്പിക്കാറില്ല. ജനുവരി മുതലെ പല കളിക്കാരും ഐപിഎല്ലില്‍ കളിക്കാനുള്ള തയാറെടുപ്പിലുമാണ്. എന്നാല്‍ എത്ര സീനിയര്‍ താരമായാലും രാജ്യത്തെ ഏറ്റവും വലിയ ഫസ്റ്റ് ക്ലാസ് ടൂര്‍ണമെന്‍റില്‍ നിന്ന് മാറി നില്‍ക്കാന്‍ കളിക്കാര്‍ക്കാവില്ലെന്നാണ് ബിസിസിഐ നിലപാട്.
നിര്‍ദേശം കര്‍ശനമായി നടപ്പാക്കിയാല്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റിനുശേഷം ഒഴിവാക്കപ്പെട്ട ശ്രേയസ് അയ്യരും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ വിശ്രമം എടുത്ത് ടീമില്‍ നിന്ന് പുറത്തുപോയ ഇഷാന്‍ കിഷനുമെല്ലാം രഞ്ജി ട്രോഫിയില്‍ കളിക്കേണ്ടിവരും. ഇഷാന്‍ കിഷന്‍ ഇന്ത്യൻ ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് നിര്‍ദേശിച്ചിട്ടും രഞ്ജി മത്സരങ്ങളില്‍ നിന്ന് വിട്ടു നിന്ന് മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്കൊപ്പം ഐപിഎല്ലിനായി തയാറെടുക്കുന്നതാണ് ബിസിസിഐയെ ഇപ്പോള്‍ ഇങ്ങനെ ഒരു നിര്‍ദേശമിറക്കാന്‍ പ്രേരിപ്പിച്ചത്.
രവീന്ദ്ര ജഡേജയുടെ പിതാവിന്‍റെ ആരോപണം, മാധ്യമങ്ങളോട് ദേഷ്യപ്പട്ട് റിവാബ ജഡേജ
ദേശീയ ടീമിൽ ഇപ്പോള്‍ കളിക്കുന്നവര്‍ക്കും പരിക്ക് മൂലം കളിക്കാന്‍ കഴിയാത്തവര്‍ക്കും ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയിലുള്ളവര്‍ക്കും മാത്രമാണ് രഞ്ജി ട്രോഫി കളിക്കുന്നതില്‍ ബിസിസിഐ ഇളവ് അനുവദിച്ചിട്ടുള്ളത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ ടീം വിട്ട ഇഷാന്‍ കിഷന്‍ ജാര്‍ഖണ്ഡിന്‍റെ ആറ് രഞ്ജി മത്സരങ്ങളിലും കളിച്ചിരുന്നില്ല. ഇന്ത്യൻ ടീമില്‍ നിന്ന് പുറത്താകുന്നവര്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ച് ഫോം തെളിയിച്ചാല്‍ മാത്രമെ തിരിച്ചുവരാനാകൂ എന്നാണ് കോച്ച് രാഹുല്‍ ദ്രാവിഡിന്‍റെ നിലപാട്.
