മുംബൈ: ഐപിഎല്ലിനെത്തുന്ന ഇംഗ്ലണ്ട്, ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ക്വാറന്റൈന്‍ വേണ്ടെന്ന് ബിസിസിഐ അറിയിച്ചു. നേരത്തെ എല്ലാ താരങ്ങലും ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നായിരുന്നു ചട്ടം. എന്നാല്‍ ഈ തീരുമാനം ബിസിസിഐ പിന്‍വലിക്കുകയായിരുന്നു. ഇംഗ്ലണ്ട് - ഓസ്‌ട്രേലിയ ടി20 പരമ്പര സെപ്റ്റംബര്‍ 16നാണ് അവസാനിക്കുന്നത്. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഐപിഎല്ലും ആരംഭിക്കും. 

പരമ്പര കഴിഞ്ഞ് യുഎഇലെത്തുന്ന താരങ്ങള്‍ ക്വാറന്റൈനില്‍ പ്രവേശിച്ചാല്‍ തുടക്കത്തിലെ മത്സരങ്ങള്‍ നഷ്ടമാകുമായിരുന്നു. ഇതൊഴിവാക്കാന്‍ വേണ്ടിയിട്ടാണ് ക്വാറന്റൈന്‍ വേണ്ടെന്ന നിര്‍ദേശം നല്‍കിയത്. ഇതോടെ താരങ്ങള്‍ക്ക് ആദ്യ മത്സരങ്ങളില്‍ തന്നെ കളിക്കാന്‍ കഴിയും. ഇപ്പോള്‍ ഇംഗ്ലീഷ്, ഓസീസ് താരങ്ങള്‍ ബയോ സെക്യൂര്‍ ബബിളിലാണ് കഴിയുന്നത്. അതുകൊണ്ടുതന്നെ അപകടമൊന്നുമില്ലെന്നാണ് ബിസിസിഐ വിലയിരുത്തുന്നത്. 

ഈ താരങ്ങളെല്ലാം ചാര്‍ട്ടേഡ് വഴി യുഎഇയിലെത്തും. എന്നാല്‍ യുഎഇയിലേക്ക് പ്രവേശിക്കുന്നതിന്റെ മൂന്ന് ദിവസത്തിനുള്ളില്‍ കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവായാല്‍ മാത്രമെ താരങ്ങള്‍ക്ക് യുഎഇയില്‍ പ്രവേശിക്കാനാവൂ. ഇനി പോസിറ്റീവായാല്‍ രാജ്യത്ത് പ്രവേശിച്ച ശേഷം ടെസ്റ്റ് നടത്തേണ്ടതുണ്ട്.