ബിസിസിഐയും ഐസിസിയും മത്സരതീയതില്‍ മാറ്റം വരുത്തുമെന്ന സൂചന നല്‍കിയത്. ടീമുകളുടെ യാത്രാസൗകര്യം, മത്സരങ്ങള്‍ക്കിടയിലെ ഇടവേള തുടങ്ങിയവ പരിഗണിച്ചായിരിക്കും ഐസിസി മത്സരക്രമത്തില്‍ മാറ്റം വരുത്തുക.
മുംബൈ: ഏകദിന ലോകകപ്പില്‍ ഇന്ത്യ - പാകിസ്ഥാന്‍ മത്സരത്തിന്റെ തീയതി മാറിയാലും മത്സരവേദി മാറില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഒക്ടോബര്‍ പതിനഞ്ചിന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഇന്ത്യ - പാകിസ്ഥാന്‍ മത്സരം നിശ്ചയിച്ചിരിക്കുന്നത്. ഒക്ടോബര്‍ പതിനഞ്ച് നവരാത്രി ആയതിനാല്‍ ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെ ലഭ്യമാക്കാന്‍ കഴിയില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു.
ഇതേത്തുടര്‍ന്നാണ് ബിസിസിഐയും ഐസിസിയും മത്സരതീയതില്‍ മാറ്റം വരുത്തുമെന്ന സൂചന നല്‍കിയത്. ടീമുകളുടെ യാത്രാസൗകര്യം, മത്സരങ്ങള്‍ക്കിടയിലെ ഇടവേള തുടങ്ങിയവ പരിഗണിച്ചായിരിക്കും ഐസിസി മത്സരക്രമത്തില്‍ മാറ്റം വരുത്തുക. മത്സരവേദികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായാല്‍ ലോകകപ്പിന്റെ ടിക്കറ്റ് വില്‍പന ഉടന്‍ തുടങ്ങുമെന്നും ജയ് ഷാ പറഞ്ഞു. ഇന്ത്യ - പാകിസ്ഥാന്‍ അങ്കം മാത്രമല്ല, കൂടുതല്‍ മത്സരങ്ങളുടെ തിയതികളും സമയവും മാറാന്‍ സാധ്യതയുണ്ട്.
അടുത്തടുത്ത് മത്സരങ്ങള്‍ വരുന്നതിനാല്‍ കളികള്‍ തമ്മില്‍ ഇടവേള കൂടുതല്‍ വേണമെന്ന് വിവിധ ക്രിക്കറ്റ് ബോര്‍ഡുകള്‍ ആവശ്യപ്പെട്ടതാണ് ഇതിന് കാരണം. ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിന്റെ മത്സരക്രമത്തില്‍ ഇതോടെ അടിമുടി മാറ്റങ്ങള്‍ വന്നേക്കും.
'രണ്ട് മത്സരങ്ങള്‍ തമ്മിലുള്ള ഇടവേള കുറവായതിനാല്‍ ഷെഡ്യൂള്‍ മാറ്റണം എന്ന് ചില അംഗ രാഷ്ട്രങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മത്സരങ്ങളുടെ തിയതിയും സമയവും മാറ്റാനാണ് പരിശ്രമിക്കുന്നത്. എന്നാല്‍ വേദികള്‍ മാറ്റമുണ്ടാകില്ല. എന്തായാലും ഇക്കാര്യങ്ങളില്‍ രണ്ടുമൂന്ന് ദിവസം കൊണ്ട് തീരുമാനമാകും' എന്നും ജയ് ഷാ വ്യക്തമാക്കി.
മത്സരക്രമം മാറ്റണമെന്ന് ആവശ്യപ്പെട്ട ബോര്‍ഡുകളില്‍ പിസിബി ഉണ്ടോയെന്ന് വ്യക്തമല്ല. ഒക്ടോബര്‍ 5 മുതല്‍ നവംബര്‍ 19 വരെയാണ് 10 ടീമുകള്‍ മാറ്റുരയ്ക്കുന്ന ഏകദിന ലോകകപ്പിന് ഇന്ത്യ ആതിഥേയത്വമരുളുന്നത്.
