മുംബൈ: അടുത്ത സീസണ്‍ ഐപിഎല്ലിന് പുതിയ രണ്ട് ടീമുകളെ കൂടി ചേര്‍ക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ ബിസിസിഐ നിര്‍ത്തിവച്ചു. ഈ സീസണിലെ ഐപിഎല്‍ സീസണ്‍ പാതിവഴിയില്‍ നിര്‍ത്തിവെക്കേണ്ടി വന്നതിനാലാണ് അടുത്ത സീസണിണിലേക്കുള്ള ടെന്‍ഡര്‍ നടപടികള്‍ നിര്‍ത്തിവെക്കേണ്ടി വന്നത്. വരുന്ന ജൂലൈ വരെ നടപടികള്‍ നിര്‍ത്തിവെക്കുമെന്നാണ് അറിയുന്നത്.

നേരത്തെ, ഐപിഎല്‍ 14-ാം സീസണ്‍ അവസാനിക്കുന്നതോടെ മേയില്‍ ടെണ്ടര്‍ വിളിക്കാനായിരുന്നു ബിസിസിഐയുെട തീരുമാനം. എന്നാല്‍ താരങ്ങള്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഐപിഎല്‍ ഉപേക്ഷിക്കേണ്ടി വന്നു. ബിസിസിഐ ഇപ്പോള്‍ ചിന്തിക്കുന്നത് മുടങ്ങിയ ഐപിഎല്‍ എങ്ങനെയെങ്കിലും പൂര്‍ത്തിയാക്കാനാണ്. 

അക്കാര്യത്തില്‍ എന്തെങ്കിലും തീരുമായെങ്കില്‍ മാത്രമെ പുതിയ ടെന്‍ഡര്‍ സ്വീകരിക്കുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടതുള്ളു. ബിസിസിഐ വക്താവ് അറിയിച്ചു. രണ്ട് പുതിയ ടീമുകള്‍ക്കാണ് ഐപിഎല്ലിലേക്ക് ക്ഷണം. 

നേരത്തെ അഹമ്മാദാബാദ്, ഗോഹട്ടി, കാണ്‍പൂര്‍, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളില്‍ നിന്ന് രണ്ട് ടീമുകളെത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതില്‍ അഹമ്മദാബാദ് ഐപിഎല്ലിനെത്തുമെന്ന് ഏറക്കുറെ ഉറപ്പാണ്.