മുംബൈ:ഐപിഎല്‍ സീസണ്‍ തുടങ്ങുന്നതിന് മുന്നോടിയായി വന്‍താരനിരയെ അണിനിരത്തി നടത്താറുള്ള ഉദ്ഘാടന ചടങ്ങുകള്‍ ഉപേക്ഷിക്കാന്‍ ഐപിഎല്‍ ഭരണസമിതിയോഗം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. വന്‍തുക മുടക്കി നടത്തുന്ന ഉദ്ഘാടന മാമാങ്കം വെറും പാഴ്ച്ചെലവ് മാത്രമാണെന്നാണ് ബിസിസിഐ നിലപാടെന്ന് ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങില്‍ ആരാധകര്‍ക്ക് യാതൊരു താല്‍പര്യവുമില്ലെന്നും അതിനാല്‍തന്നെ ഇത് വെറും ധൂര്‍ത്ത് മാത്രമാണെന്നുമാണ് ബോര്‍ഡിന്റെയും നിലപാട്. കഴിഞ്ഞ വര്‍ഷം പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഐപിഎല്‍ ഉദ്ഘാടനച്ചടങ്ങ് നടത്തിയിരുന്നില്ല. ഇതിന് നീക്കിവെച്ച തുക പുല്‍വാമ രക്തസാക്ഷികളുടെ കുടുംബത്തിന് നല്‍കുകയായിരുന്നു. 20 കോടി രൂപയാണ് ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം വിവിധ സേനാ വിഭാഗങ്ങള്‍ക്കായി കൈമാറിയത്.

കരസേനക്ക് 11 കോടിയും സിആര്‍പിഎഫിന് ഏഴ് കോടിയും നാവിക സേനക്ക് ഒരു കോടിയും ബിസിസിഐ നല്‍കി. ഇത് ബിസിസിഐക്ക് ആരാധകരുടെ കൈയടി നേടിക്കൊടുക്കുകയും ചെയ്തു.

 ഇത്തരത്തില്‍ വര്‍ണാഭമായ ഉദ്ഘാടനച്ചടങ്ങിന് നീക്കിവെക്കുന്ന തുക മറ്റ് ജനോപകാരപ്രദമായ കാര്യങ്ങള്‍ക്ക് സംഭാവനയായി നല്‍കുന്നത് ജനമനസുകളില്‍ ബിസിസിഐക്കുള്ള മതിപ്പ് കൂട്ടുമെന്ന് സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതിയുടെ അധ്യക്ഷനായിരുന്ന വിനോദ് റായിയും നേരത്തെ വ്യക്തമാക്കിയിരുന്നു. ബോളിവുഡ് സൂപ്പര്‍ താരങ്ങളെയടക്കം പങ്കെടുപ്പിച്ച് വര്‍ണാഭമായാണ് ഓരോവര്‍ഷവും ഉദ്ഘാടന ചടങ്ങുകള്‍ നടത്തിയിരുന്നത്.