ഇന്ത്യയില്‍ സുരക്ഷ പോരെന്ന് പാക് ബോര്‍ഡ് ചെയര്‍മാന്‍. സ്വന്തം രാജ്യത്തെ കാര്യം ആദ്യം നോക്കാന്‍ ആവശ്യപ്പെട്ട് ബിസിസിഐ വൈസ് പ്രസിഡന്‍റ്.

മുംബൈ: ഇന്ത്യ സുരക്ഷിതമല്ല എന്ന പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവന്‍റെ പ്രസ്‌താവാനയ്‌ക്ക് മറുപടിയുമായി ബിസിസിഐ വൈസ് പ്രസിഡന്‍റ് മഹിം വെര്‍മ. 'സ്വന്തം രാജ്യത്തെ സുരക്ഷ ആദ്യം നോക്കൂ, ഞങ്ങളുടെ രാജ്യത്തിന്‍റെ കാര്യം നോക്കാന്‍ ഞങ്ങള്‍ക്കറിയാം' എന്നാണ് മഹിം തിരിച്ചടിച്ചത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടാണ് മഹിം വെര്‍മയുടെ പ്രതികരണം. 

'പാകിസ്ഥാന്‍ സുരക്ഷിതമാണെന്ന് ഞങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ആരെങ്കിലും ഇങ്ങോട്ട് വരാന്‍ മടിക്കുന്നുണ്ടെങ്കില്‍ സുരക്ഷാ പ്രശ്‌നങ്ങളുള്ളതായി തെളിയിക്കണം. നിലവിലെ സാഹചര്യത്തില്‍ പാകിസ്ഥാനുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ സുരക്ഷാപ്രശ്‌നങ്ങളാണ് കൂടുതല്‍ ഗുരുതരം' എന്നുമായിരുന്നു തിങ്കളാഴ്‌ച പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ എഹ്‌സാന്‍ മാനിയുടെ വാക്കുകള്‍. 

'ശ്രീലങ്കയ്‌ക്ക് എതിരെ നാട്ടില്‍ ടെസ്റ്റ് പരമ്പര വിജയകരമായി സംഘടിപ്പിച്ച ശേഷം പാകിസ്ഥാനിലെ സുരക്ഷ സംബന്ധിച്ച് ആര്‍ക്കും ആശങ്കകളില്ല. പാകിസ്ഥാനിലെ ടെസ്റ്റ് ക്രിക്കറ്റില്‍ ഇത് വഴിത്തിരിവാകും. ലോകത്തിന് മുന്നില്‍ പാകിസ്ഥാനെ പോസിറ്റീവ് ആയി ചിത്രീകരിക്കുന്നതില്‍ മാധ്യമങ്ങളും ആരാധകരും വലിയ പങ്കുവഹിച്ചതായും' മാനി കൂട്ടിച്ചേര്‍ത്തു. ശ്രീലങ്കയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പര പാകിസ്ഥാന്‍ സ്വന്തം മണ്ണില്‍ ജയിച്ചതിന് പിന്നാലെയായിരുന്നു മാനിയുടെ വാക്കുകള്‍.

നേരത്തെ ഈ വര്‍ഷാദ്യം പാകിസ്ഥാനില്‍ ടി20 മത്സരങ്ങളും ഏകദിനങ്ങളും ലങ്ക കളിച്ചപ്പോള്‍ ലസിത് മലിംഗ അടക്കമുള്ള വമ്പന്‍ താരങ്ങള്‍ വിട്ടുനിന്നിരുന്നു. 2009ല്‍ പര്യടനത്തിനെത്തിയ ലങ്കന്‍ താരങ്ങള്‍ക്കെതിരെ ഭീകരാക്രമണം ഉണ്ടായതാണ് കാരണം. ലാഹോറില്‍ വെച്ച് ടീം ബസിന് നേരെ ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു. ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെടുകയും ലങ്കന്‍ താരങ്ങളും സ്റ്റാഫും അടക്കം ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിന് ശേഷം വലിയ ടീമുകള്‍ പാക് പര്യടനത്തിന് മടിച്ചുനില്‍ക്കുകയാണ്.