ദില്ലി: ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് ടി20യ്ക്കും ഓസ്‌ട്രേലിയക്കെതിരായ മൂന്ന് ഏകദിനങ്ങള്‍ക്കുമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ശിഖര്‍ ധവാന്‍ പരുക്ക് മാറി എത്തുന്നതോടെ സഞ്ജു സാംസണെ ട്വന്റി 20 ടീമില്‍ നിലനിര്‍ത്തുമോ എന്നാണ് മലയാളി ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. 

നിലവിലെ സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുക്കുന്ന അവസാന ടീമായിരിക്കും ഇത്. വിരാട് കോലിയുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കൂടിയാലോചന നടത്തിയാണ് സെലക്റ്റര്‍മാര്‍ ഉച്ചയ്ക്ക് ശേഷം ദില്ലിയില്‍ ടീമിനെ പ്രഖ്യാപിക്കുക. ശ്രീലങ്കയ്‌ക്കെതിരായ ജനുവരി അഞ്ചിനും ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരന്പര ജനുവരി പതിനാലിനുമാണ് തുടങ്ങുക. 

പരുക്കില്‍ നിന്ന് മോചിതനായ ജസ്പ്രീത് ബുംറ ടീമില്‍ തിരിച്ചെത്തിയേക്കും. എന്നാല്‍ താരത്തിന് എന്‍സിഎയില്‍ ഫിറ്റ്‌നെസ് ടെസ്റ്റിന് അനുമതി നിഷേധിച്ചിരുന്നു. താരം സ്വകാര്യ ട്രെയനര്‍മാരെ നിയോഗിച്ചതാണ് വിവാദമായത്. തുടര്‍ന്ന് രാഹുല്‍ ദ്രാവിഡിന്റെ അധ്യക്ഷതയിലുള്ള എന്‍സിഎ താരത്തിന് ഫിറ്റ്‌നെസ് ടെസ്റ്റിന് അനുമതി നിഷേധിക്കുകയായിരുന്നു. ബുംറയുടെ കാര്യത്തില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ അഭിപ്രായം നിര്‍ണായകമാകും.