മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റര്‍ മുഹമ്മദ് ഷമിക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടി ബിസിസിഐ സ്വീകരിക്കുമൊ എന്നുള്ളത് ഉടനറിയാം. ഷമിക്കെതിരെ കഴിഞ്ഞ ദിവസം അറസ്റ്റ് വാറന്റ് വന്നിരുന്നു. ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയിലാണ് ഇന്ന് ഷമിക്കെതിരെ കൊല്‍ക്കത്തയിലെ അലിപോര്‍ സിജെഎം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

ഇക്കാര്യത്തില്‍ ഷമിയുടെ വക്കീലിനോട് സംസാരിച്ച ശേഷം മാത്രമേ എന്തെങ്കിലും നിലപാട് സ്വീകരിക്കൂവെന്ന് ബിസിസിഐ വക്താവ് വ്യക്തമാക്കി. അദ്ദേഹം തുടര്‍ന്നു... ''കേസിനെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും അറിയേണ്ടതുണ്ട്. അതുകൊണ്ട് ഷമിയുടെ വക്കീലിന് കണ്ട് കാര്യങ്ങള്‍ സംസാരിക്കും. 

എന്താണോ അദ്ദേഹം നല്‍കുന്ന വിവരം, അത് കേട്ടതിന് ശേഷം മാത്രമെ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കൂ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരങ്ങള്‍ക്ക് ഷമിയെ ലഭിക്കുമോയെന്ന് ഉറപ്പുവരുത്തേണ്ടുണ്ട്. അതുകൊണ്ട് കാര്യങ്ങള്‍ക്കെല്ലാം പെട്ടന്ന് തീരുമാനമുണ്ടാവണം.'' ബിസിസിഐ വക്താവ് പറഞ്ഞുനിര്‍ത്തി. 

നേരത്തെ, കുറ്റപത്രം കാണുന്നതുവരെ ഷമിക്കെതിരെ നടപടിയൊന്നും സ്വീകരിക്കില്ലെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. പതിനഞ്ച് ദിവസത്തിനകം കീഴടങ്ങുകയോ ജാമ്യമെടുക്കുകയോ ചെയ്യണമെന്നാണ് വാറണ്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.