മുംബൈ: ഐപിഎല്‍ നടത്താനായി ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് നീട്ടിവെക്കാനായി ഐസിസിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തില്ലെന്ന് വ്യക്തമാക്കി ബിസിസിഐ. ലോകകപ്പ് അടുത്തവര്‍ഷത്തേക്ക് മാറ്റിവെച്ചാല്‍ ഈ സമയം ഐപിഎല്‍ നടത്താമെന്ന നിര്‍ദേശമുയര്‍ന്ന പശ്ചാത്തലത്തിലാണ് ബിസിസിഐയുടെ പ്രതികരണം.

ഐപിഎല്‍ നടത്താനായി ലോകകപ്പ് നീട്ടിവെക്കാന്‍ സമ്മര്‍ദ്ദം ചെലുത്തില്ലെന്ന് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ വ്യക്തമാക്കി. എന്തിനാണ് ബിസിസിഐ ലോകകപ്പ് നീട്ടിവെക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതെന്ന് ചോദിച്ച ധുമാല്‍ ഐസിസി ബോര്‍ഡ് യോഗം ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും വ്യക്തമാക്കി.

ലോകകപ്പ് നടത്താനാകുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയക്ക് ആത്മവിശ്വാസമുണ്ടെങ്കില്‍ അവര്‍ക്ക് അതുമായി മുന്നോട്ടുപോകാം. അതില്‍ ബിസിസിഐ ഇടപെടേണ്ട കാര്യമില്ല. കാണികളെ പ്രവേശിപ്പിക്കാതെ മത്സരം നടത്തണോ മുന്‍നിശ്ചയപ്രകാരം ടൂര്‍ണമെന്റുമായി മുന്നോട്ടു പോകണോ എന്നെല്ലാം ഓസീസ് ക്രിക്കറ്റ് ബോര്‍ഡും അവിടുത്തെ സര്‍ക്കാരും ചേര്‍ന്ന് തീരുമാനിക്കേണ്ട കാര്യങ്ങളാണ്. സര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ ടീമുകള്‍ എത്തി മത്സരിക്കും.

ലോകകപ്പ് പോലൊരു ടൂര്‍ണമെന്റ് കാണികളെ പ്രവേശിപ്പിക്കാതെ നടത്തണോ എന്ന കാര്യത്തിലും ക്രിക്കറ്റ് ഓസ്ട്രേലിയ തന്നെയാണ് തീരുമാനമെടുക്കേണ്ടത്. ഐപിഎല്‍ നടത്താനായി ഐസിസിയില്‍ സ്വാധീനമുള്ള ബിസിസിഐ ലോകകപ്പ് നീട്ടിവെക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയേക്കുമെന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അടുത്ത ആഴ്ച ചേരുന്ന ഐസിസി ബോര്‍ഡ് യോഗമാണ് ലോകകപ്പ് നടത്തിപ്പ് എപ്പോള്‍ വേണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.