ദില്ലി: മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിന്റെ വിവാദ ട്വീറ്റിനെതിരെ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരങ്ങളായ ബിഷന്‍ സിങ് ബേദിയും ചേതന്‍ ചൗഹാനും. വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടി20യില്‍ ഇന്ത്യന്‍ യുവതാരം നവ്ദീപ് സൈനി മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെയായിരുന്നു ഗംഭീറിന്റെ പരിഹാസ ട്വീറ്റ്. 

ട്വീറ്റ് ഇങ്ങനെയായിരുന്നു... ''ഇന്ത്യന്‍ ജേഴ്സിയിലെ തകര്‍പ്പന്‍ അരങ്ങേറ്റത്തിന് അഭിനന്ദനങ്ങള്‍. നീ പന്തെറിയുന്നതിന് മുമ്പ് തന്നെ രണ്ട് വിക്കറ്റുകള്‍ നേടിയിരുന്നു. ഈയൊരു പ്രകടനത്തില്‍ ബിഷന്‍ ബേദി, ചേതന്‍ ചൗഹാന്‍ എന്നിവരുടെ വിക്കറ്റുകള്‍ നീ ഇളക്കിയിരുന്നു. ക്രിക്കറ്റ് കരിയര്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ ഒരു നാണവുമില്ലാതെ നിന്റെ ചരമകുറിപ്പ് എഴുതിയവരാണ് അവര്‍.'' ഇതിനെതിരെയാണ് ബേദിയും ചൗഹാനും തങ്ങളുടെ പ്രതികരണമറിയിച്ചത്. 

ഹരിയാനക്കാരനായ സൈനിയെ ഡല്‍ഹി രഞ്ജി ടീമിലെടുക്കാന്‍ താന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ രണ്ടുപേരും എതിര്‍ത്തെന്നായിരുന്നു ഗംഭീറിന്റെ ആരോപണം. എന്നാല്‍ ഇരുവരും പ്രതികരണവുമായെത്തി. ''എതിര്‍ത്തു എന്നത് സത്യമാണ് പക്ഷെ അത് സെയ്നിക്കു കഴിവില്ല എന്നു പറഞ്ഞല്ല. മറിച്ച് നിയമപരമായ കാരണങ്ങളാലാണ്.'' ഇരുവരും വ്യക്തമാക്കി. 

പുറത്തുനിന്നുള്ള ഒരു താരം ദില്ലിക്ക് വേണ്ടി കളിക്കുമ്പോള്‍ ചില നിയമങ്ങുണ്ട്. അത് പാലിക്കണമെന്നാണ് പറഞ്ഞതെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.