ജമൈക്ക തലവാസിനുവേണ്ടി 14 പന്തിലാണ് റസല്‍ അര്‍ധസെഞ്ചുറി കുറിച്ചത്. ആറ് സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു റസലിന്റെ വെടിക്കെട്ട് ഇന്നിംഗ്.

ജമൈക്ക: ഐപിഎല്ലിന് മുമ്പ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് സന്തോഷവാര്‍ത്ത. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ വെടിക്കെട്ട് ഇന്നിംഗ്‌സുമായി ആന്ദ്രെ റസല്‍ വീണ്ടും ഫോമിലേക്ക് മടങ്ങിയെത്തി. ജമൈക്ക തലവാസിനുവേണ്ടി 14 പന്തിലാണ് റസല്‍ അര്‍ധസെഞ്ചുറി കുറിച്ചത്. ആറ് സിക്‌സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു റസലിന്റെ വെടിക്കെട്ട് ഇന്നിംഗ്.കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ചുറിയാണിത്. 15 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ ജെ പി ഡുമിനിയുടെ റെക്കോര്‍ഡാണ് റസല്‍ പഴങ്കഥയാക്കിയത്.

റസലിന്റെ ഇന്നിംഗ്‌സിന്റെ മികവില്‍ സെന്റ് ലൂസിയ കിംഗ്‌സിനെതിരെ തലവാസ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 255 റണ്‍സെടുത്തപ്പോള്‍ 17.3 ഓവറില്‍ 135 റണ്‍സിന് കിംഗ്‌സ് ഓള്‍ ഔട്ടായി. 120 റണ്‍സിന്റെ വമ്പന്‍ ജയവുമായി കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും വലിയ വിജയവും തലവാസ് സ്വന്തം പേരിലാക്കി.

റസലിന് പുറമെ തലവാസിനായി വാള്‍ട്ടണ്‍(29 പന്തില്‍ 47), കെന്നാര്‍ ലൂയിസ്(21 പന്തില്‍ 48), ഹൈദര്‍ അലി(32 പന്തില്‍ 45), റോവ്മാന്‍ പവല്‍(26 പന്തില്‍ 38) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി. മറുപടി ബാറ്റിംഗില്‍ ടിം ഡേവിഡ്(28 പന്തില്‍ 56) മാത്രമെ കിംഗ്‌സിനായി തിളങ്ങിയുള്ളു.

YouTube video player

ബൌളിംഗിലും തിളങ്ങിയ റസല്‍ മൂന്നോവറില്‍ 19 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തപ്പോള്‍ മിഖായേല്‍ പ്രിട്ടോറിയോസ് 32 റണ്‍സിന് നാലു വിക്കറ്റെടുത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.