ദില്ലി: ഇത്തവണ ഐപിഎല്‍ കിരീടം നേടാന്‍ ഏറ്റവും കുടുതല്‍ സാധ്യത മികച്ച ഫീല്‍ഡിംഗ് നിരയ്‌ക്കെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് സഹപരിശീലകന്‍ മുഹമ്മദ് കൈഫ്. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളെന്ന നിലയ്‌ക്ക് കൂടിയാണ് കുട്ടിക്രിക്കറ്റിലെ ഫീല്‍ഡിംഗിന്‍റെ പ്രാധാന്യം കൈഫ് എടുത്തുപറയുന്നത്. 

ഫീല്‍ഡിംഗിലൂടെ റണ്‍സ് നിയന്ത്രിക്കാനാകുന്നത് എതിരാളിയെ സമ്മര്‍ദത്തിലാക്കാനും മുന്‍തൂക്കം നേടാനും ടീമിനെ സഹായിക്കും എന്നാണ് കൈഫിന്‍റെ നിരീക്ഷണം. 'ഏറ്റവും മികച്ച ഫീല്‍ഡിംഗ് നിര ഇത്തവണ കപ്പുയര്‍ത്താനാണ് സാധ്യത. പരിശീലനത്തിന് ഇറങ്ങിയാല്‍ താരങ്ങള്‍ മണിക്കൂറുകള്‍ ബാറ്റിംഗിനും ബൗളിംഗിനുമായി മാറ്റിവക്കും. അതോടൊപ്പം എല്ലാവരുടെയും ഫീല്‍ഡിംഗ് പരിശീലനം ഉറപ്പാക്കുക പരിശീലകരുടെ ചുമതലയാണ്'. 

ശ്രേയസിന് കൈഫിന്‍റെ പ്രശംസ

'ചുമതലകള്‍ നന്നായി ഏറ്റെടുക്കുന്ന ക്യാപിറ്റല്‍സ് നായകന്‍ ശ്രേയസ് അയ്യരുടെ പ്രകടനത്തില്‍ സംതൃപ്തനാണ്. യുവ നായകന്‍ എന്ന നിലയില്‍ കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യക്കായി കളിക്കുകയും മികച്ച പ്രകടനം കാഴ്‌ചവെക്കുകയും ചെയ്തതിനാല്‍ ഇത്തവണ കൂടുതല്‍ തിളങ്ങാനാകും. നായകനെന്ന നിലയില്‍ ആത്മവിശ്വാസവും ശാന്തതയും ശ്രേയസ് ആര്‍ജിച്ചതായും' കൈഫ് അഭിപ്രായപ്പെട്ടു. 

അഞ്ച് മാസങ്ങൾക്ക് ശേഷം ഗ്രൗണ്ടിൽ; പ്രതീക്ഷകൾ പങ്കുവച്ച് സഞ്ജു സാംസൺ

ചെന്നൈ സൂപ്പർ കിംഗ്സിന് കനത്ത തിരിച്ചടി; സുരേഷ് റെയ്ന നാട്ടിലേക്ക് മടങ്ങി