ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിന് ഒരുങ്ങും മുമ്പ് ചെന്നൈ സൂപ്പർ കിംഗ്സിന് കനത്ത തിരിച്ചടി. സൂപ്പർ താരം സുരേഷ് റെയ്നയ്ക്ക് ഐപിഎൽ സീസൺ നഷ്ടമാവും. വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് ടൂർണമെന്റിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് റെയ്ന അധികൃതരെ അറിയിച്ചു. ചെന്നൈ സൂപ്പർ കിംഗ്സ് സിഇഒ കാശി വിശ്വനാഥനാണ് ഇക്കാര്യം പുറത്തുവിട്ടത്. സിഎസ്കെയുടെ  ഔദ്യോഗിക അക്കൗണ്ടിലൂടെ അദ്ദേഹം ഇക്കാര്യം പങ്കുവെക്കുകയായിരുന്നു.

ട്വീറ്റിന്റെ പൂർണരൂപം. " വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് സുരേഷ് റെയ്ന നാട്ടിലേക്ക് മടങ്ങി. ഈ സീസണിൽ അദ്ദേഹം ചെന്നൈയ്ക്കൊപ്പം ഉണ്ടാവില്ല. റെയ്നയ്ക്കും കുടുംബത്തിനും വേണ്ട എല്ലാ പിന്തുണയും ഈ അവസരത്തിൽ നൽകുന്നു." സിഇഒ കുറിച്ചിട്ടു.

ഈ മാസം 15നാണ് റെയ്ന അന്താരാഷ്ട്ര കിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണി വിരമിച്ചതിന് തൊട്ടുപിന്നാലെ റെയ്നയും പ്രഖ്യാപനം നടത്തുകയായിരുന്നു. ഐപിഎല്ലിനായി യുഎഇയിലേക്ക് പറക്കുന്നതിന് മുമ്പ് ചെന്നൈയിൽ പരിശീലന ക്യാപിലുണ്ടായിരുന്നു റെയ്ന. 

എന്തായാലും ചെന്നൈയെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണിത്.  വിരമിക്കൽ പ്രഖ്യാപിച്ച ശേഷം റെയ്നയുടെ പ്രകടനം കാണാൻ കാത്തിരിക്കുകയായിരുന്നു ആരാധകർ.