നാഗ്‌പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ രോഹിത്തിന്‍റെ ക്ലാസിക് ഇന്നിംഗ്‌സിനാണ് ക്രിക്കറ്റ് ലോകം സാക്ഷികളായത്
നാഗ്‌പൂര്‍: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഇന്ത്യന്‍ നായകനും ഓപ്പണറുമായ രോഹിത് ശര്‍മ്മ നേടിയത്. രോഹിത്തിന്‍റെ ടെസ്റ്റ് കരിയറിലെ തന്നെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിലൊന്നാണിത്. 171 പന്തില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയ ഹിറ്റ്‌മാന്‍ 212 പന്തില്‍ 15 ഫോറും 2 സിക്‌സും സഹിതം 120 റണ്‍സ് നേടിയാണ് മടങ്ങിയത്.
നാഗ്‌പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ രോഹിത്തിന്‍റെ ക്ലാസിക് ഇന്നിംഗ്‌സിനാണ് ക്രിക്കറ്റ് ലോകം സാക്ഷികളായത്. ഇന്നിംഗ്‌സിലെ ആദ്യ ഓവറില്‍ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിനെ ആദ്യ രണ്ട് പന്തുകളിലും ഫോറുമായി തുടങ്ങിയ ഹിറ്റ്‌മാന്‍ ഇന്നലെ ആദ്യദിനം ഹിറ്റിംഗ് മോഡിലായിരുന്നു. എന്നാല്‍ രണ്ടാം ദിനം ഓസീസ് സ്‌പിന്നര്‍മാര്‍ക്ക് കൂടുതല്‍ മുന്‍തൂക്കം ലഭിച്ചതോടെ കരുതലോടെ കളിച്ച രോഹിത് കരിയറിലെ 9-ാം ടെസ്റ്റ് സെഞ്ചുറിയിലെത്തുകയായിരുന്നു. എന്നാല്‍ കമ്മിന്‍സിന് മുന്നില്‍ തന്നെ രോഹിത്തിന് വിക്കറ്റ് നഷ്‌ടമായി എന്നതാണ് കൗതുകകരം. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 81-ാം ഓവറില്‍ കമ്മിന്‍സിന്‍റെ ഒന്നാന്തരമൊരു പന്ത് രോഹിത്തിന്‍റെ ബെയ്‌ല്‍സ് തെറിപ്പിക്കുകയായിരുന്നു. കമ്മിന്‍സിന്‍റെ ലൈനും സ്വിങും അക്ഷരാര്‍ഥത്തില്‍ ഹിറ്റ്‌മാന്‍റെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു.
എന്തായാലും ഒന്നാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സില്‍ ടീം ഇന്ത്യ നിര്‍ണായക ലീഡ് നേടിക്കഴിഞ്ഞു. ഓസീസിന്‍റെ 177 റണ്‍സ് പിന്തുടരുന്ന ഇന്ത്യ ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 91 ഓവറില്‍ ഏഴ് വിക്കറ്റിന് 251 റണ്‍സെന്ന നിലയിലാണ്. രവീന്ദ്ര ജഡേജയും(46*) അക്‌സര്‍ പട്ടേലുമാണ്(2*) ക്രീസില്‍. ഇന്ത്യക്ക് ഇപ്പോള്‍ 74 റണ്‍സിന്‍റെ ലീഡായി. ഓസീസിനായി അരങ്ങേറ്റക്കാരന്‍ സ്‌പിന്നര്‍ ടോഡ് മര്‍ഫി അഞ്ച് വിക്കറ്റ് വീഴ്‌ത്തി.
