ഇങ്ങനെയാവണം ക്യാപ്റ്റന്‍, രോഹിത് ശർമ്മ നല്‍കുന്ന പിന്തുണയെ കുറിച്ച് വെളിപ്പെടുത്തി കെ എസ് ഭരത്  

ഇന്‍ഡോർ: ഒരു വർഷമായി ബാക്ക്അപ് വിക്കറ്റ് കീപ്പറായി ഇന്ത്യന്‍ ടീമിനൊപ്പമുണ്ടെങ്കിലും കെ എസ് ഭരതിന് ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരം കിട്ടിയത് ബോർഡർ-ഗാവസ്‍കർ ട്രോഫിയിലാണ്. വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന താരം ഏറ്റവും പ്രധാനപ്പെട്ട ഡിആഎസ് വിളികളില്‍ നായകന്‍ രോഹിത് ശർമ്മയോട് കൃത്യമായ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നത് നാഗ്‍പൂർ, ദില്ലി ടെസ്റ്റുകളില്‍ കണ്ടിരുന്നു. ഡിആർഎസ് എടുക്കുന്നതില്‍ രോഹിത് ശർമ്മയുമായുള്ള പൊരുത്തത്തെ കുറിച്ച് മനസുതുറന്നിരിക്കേയാണ് കെ എസ് ഭരത്. 

'ടീം ഇന്ത്യക്കായി കളിക്കുന്നതാണ് എല്ലാ ക്രിക്കറ്റർമാരുടെയും ഏറ്റവും വലിയ ആഗ്രഹം. അവസരങ്ങള്‍ ലഭിക്കുമ്പോള്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ എപ്പോഴും തയ്യാറാണ്. ദില്ലി ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ ആറാം നമ്പറില്‍ ബാറ്റ് ചെയ്യണം എന്നാവശ്യപ്പെട്ടത് നായകന്‍ രോഹിത് ശർമ്മയാണ്. ഞാനതിന് തയ്യാറായി, നന്നായി ബാറ്റ് ചെയ്തു. ടോപ് ക്ലാസ് സ്പിന്നർമാരായ രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും പന്തെറിയുമ്പോള്‍ കീപ്പ് ചെയ്യുക എളുപ്പമല്ല. ആഭ്യന്തര ക്രിക്കറ്റില്‍ 10-12 വർഷമായി കീപ്പിംഗ് ചെയ്യുന്ന ഒരാളെന്ന നിലയ്ക്ക് എന്നാലത് ആസ്വദിക്കുന്നു'. 

രോഹിത് പറഞ്ഞത്...

'ഡിആർഎസ് എടുക്കുമ്പോള്‍ എന്ത് അഭിപ്രായം ആയാലും തുറന്നുപറയണം എന്നാണ് രോഹിത് ശർമ്മ പറഞ്ഞിട്ടുള്ളത്. കാരണം ഞാനാണ് സ്റ്റംപിനോട് ഏറ്റവും അടുത്ത് നില്‍ക്കുന്നത്. വിക്കറ്റാണോ എന്ന് പറയാന്‍ ഏറ്റവും ഉചിതനായ ആള്‍ വിക്കറ്റ് കീപ്പറാണ്. കൂടിയാലോചനകള്‍ക്ക് ശേഷം രോഹിത്തും ഞാനും ബൗളറും ചേർന്ന് അന്തിമ തീരുമാനം എടുക്കും. ഡിആർഎസ് കാര്യത്തില്‍ തീരുമാനം പറയാന്‍ ഭയക്കേണ്ടതില്ല എന്നുമാണ് രോഹിത് ശർമ്മ പറഞ്ഞിട്ടുള്ളത്. മൂന്നാം ടെസ്റ്റില്‍ കെ എല്‍ രാഹുല്‍ കളിക്കുമോ എന്ന് തീരുമാനിക്കേണ്ടത് ടീം മാനേജ്മെന്‍റാണ്. ഞാനതില്‍ അഭിപ്രായം പറയേണ്ട ആളല്ല' എന്നും കെ എസ് ഭരത് ഇന്‍ഡോറിലെ മൂന്നാം ടെസ്റ്റിന് മുന്നോടിയായി പറഞ്ഞു. 

ഇന്‍ഡോർ ടെസ്റ്റ്: തയ്യാറെടുപ്പുകള്‍ ഗംഭീരമാക്കി ഇരു ടീമുകളും; കാത്തിരിക്കുന്ന മാറ്റങ്ങള്‍