ദില്ലി: പരിക്ക് മാറി തിരിച്ചെത്തിയ ഭുവനേശ്വര്‍ കുമാര്‍ വീണ്ടും പരിക്കേറ്റ് മടങ്ങിയതോടെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് തുടര്‍ പരിശീലനത്തിനും പരിശോധനകള്‍ക്കുമായി പോകാനില്ലെന്ന് നിലപാടെടുത്ത് ഇന്ത്യന്‍ താരങ്ങളായ ജസ്പ്രീത് ബുമ്രയും ഹര്‍ദ്ദിക് പാണ്ഡ്യയും. പരിക്കില്‍ നിന്ന് പൂര്‍ണ മുക്തനായെന്ന് ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ വിദഗ്ധര്‍ ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെയാണ് ഭുവനേശ്വറിന് സ്പോര്‍ട്സ് ഹെര്‍ണിയ പിടിപെട്ടത്.

ഇതോടെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ പരിശോധനകളുടെ നിലവാരം സംബന്ധിച്ച് സംശയങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. ബിസിസിഐയുമായി കരാറുള്ള കളിക്കാര്‍ പരിക്കേറ്റ് പുറത്തായശേഷം ടീമിലേക്ക് തിരിച്ചുവരുന്നതിന് മുന്നോടിയായി ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശോധനകള്‍ക്കും പരിശീലനത്തിനും എത്തണമെന്നാണ് മാനദണ്ഡം. എന്നാല്‍ ഭുവിയ്ക്ക് വീണ്ടും പരിക്കേറ്റതോടെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോകാനില്ലെന്ന് ബുമ്രയും പാണ്ഡ്യയും ടീം മാനേജ്മെന്റിനെ അറിയിക്കുകയായിരുന്നു.

ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോകാതെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ട്രെയിനറായ രജനികാന്ത് ശിവജ്ഞാനത്തിന് കീഴില്‍ പരിശീലനം നടത്താനാണ് ബുമ്രയും പാണ്ഡ്യയും താല്‍പര്യപ്പെട്ടത്. ലോകകപ്പിനുശേഷം പരിക്കിന് ചികിത്സ തേടിയ ഭുവി മൂന്ന് മാസത്തോളം ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചെലവഴിച്ചിരുന്നു.

പരിക്ക് പൂര്‍ണമായും മാറിയെന്ന് ദേശീയ ക്രിക്കറ്റ് അക്കാദമി അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയ ഭുവി മൂന്ന് മത്സരങ്ങള്‍ കളിച്ചപ്പോഴേക്കും വീണ്ടും പരിക്കിന്റെ പിടിയിലായി. ഇതാണ് ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ പരിശീലനത്തെയും പരിശോധനകളെയുക്കുറിച്ച് സംശയമുണരാന്‍ കാരണം.