ഐപിഎല്ലിൽ പർപ്പിൾ ക്യാപ് തിരിച്ചുപിടിച്ച ഭുവനേശ്വർ കുമാർ, ടി20 ക്രിക്കറ്റിൽ 350 വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ പേസറുമായി. ഈ വ്യക്തിഗത നേട്ടങ്ങൾക്കിടയിലും, തൻ്റെ കരിയറിലെ ഈ ഘട്ടത്തിൽ ടീമിൻ്റെ വിജയത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
അഹമ്മദാബാദ്: കരിയറിന്റെ ഈ ഘട്ടത്തില്‍ വ്യക്തിഗത നാഴികക്കല്ലുകളേക്കാള്‍ ടീമിന്റെ വിജയത്തിനാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്ന് ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി നടത്തുന്ന മിന്നും പ്രകടനത്തോടെ ഈ സീസണിലെ വിക്കറ്റ് വേട്ടക്കാരില്‍ ഭുവനേശ്വര്‍ ഒന്നാമതെത്തി. വ്യാഴാഴ്ച രാത്രി നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നടന്ന മത്സരത്തില്‍ 28 റണ്‍സിന് 3 വിക്കറ്റുകള്‍ വീഴ്ത്തി ഭുവനേശ്വര്‍ തിളങ്ങിയിരുന്നു.
മത്സരത്തില്‍ ആര്‍സിബി പരാജയപ്പെട്ടെങ്കിലും, ഭുവനേശ്വറിന്റെ കൃത്യതയാര്‍ന്ന ബൗളിംഗ് ശ്രദ്ധിക്കപ്പെട്ടു. ഈ പ്രകടനത്തോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ മലിംഗയെ (15 വിക്കറ്റ്) മറികടന്ന് 17 വിക്കറ്റുകളുമായി ഭുവനേശ്വര്‍ പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കി. 15.53 എന്ന മികച്ച ശരാശരിയിലാണ് ഈ 36-കാരന്‍ ഈ സീസണില്‍ പന്തെറിയുന്നത്. മത്സരശേഷം സംസാരിക്കവെ, പര്‍പ്പിള്‍ ക്യാപ് ലഭിച്ചതില്‍ സന്തോഷമുണ്ടെങ്കിലും തന്റെ ചിന്താഗതി മാറിയതായി ഭുവനേശ്വര്‍ വ്യക്തമാക്കി.
ഭുുവിയുടെ വാക്കുകള്‍... ''പര്‍പ്പിള്‍ ക്യാപ് ലഭിച്ചതില്‍ സന്തോഷം. എന്നാല്‍ വ്യക്തിഗത നേട്ടങ്ങള്‍ മാത്രം ലക്ഷ്യം വെക്കുന്ന ഘട്ടം ഞാന്‍ പിന്നിട്ടു കഴിഞ്ഞു. ഇപ്പോഴും നേട്ടങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ പ്രാധാന്യം ടീമിനാണ്. ചെറുപ്പമായിരിക്കുമ്പോള്‍ ഇത്തരം പുരസ്‌കാരങ്ങള്‍ക്കായി നാം സ്വാഭാവികമായും ശ്രമിക്കും. മികച്ച പ്രകടനം നടത്തുമ്പോള്‍ അവ തേടിയെത്തും.'' ഭുവനേശ്വര്‍ പറഞ്ഞു. ടീമിനായി മികച്ചത് നല്‍കാനാണ് താന്‍ ശ്രമിക്കുന്നതെന്നും മാനേജ്മെന്റ് നല്‍കുന്ന ആത്മവിശ്വാസമാണ് തനിക്ക് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചരിത്ര നേട്ടം: 350 വിക്കറ്റുകള്‍
ഗുജറാത്തിനെതിരായ മത്സരത്തിനിടെ മറ്റൊരു അപൂര്‍വ നേട്ടവും ഭുവനേശ്വര്‍ സ്വന്തമാക്കി. ടി20 ക്രിക്കറ്റില്‍ 350 വിക്കറ്റുകള്‍ തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ പേസര്‍ എന്ന റെക്കോര്‍ഡ് അദ്ദേഹം കുറിച്ചു. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് അദ്ദേഹം. നിലവില്‍ 325 ടി20 മത്സരങ്ങളില്‍ നിന്നായി 352 വിക്കറ്റുകള്‍ ഭുവനേശ്വറിന്റെ പേരിലുണ്ട്. 391 വിക്കറ്റുകള്‍ നേടിയ യുസ്വേന്ദ്ര ചഹല്‍ മാത്രമാണ് ഇന്ത്യക്കാരില്‍ അദ്ദേഹത്തിന് മുന്നിലുള്ളത്.
പോയിന്റ് പട്ടികയില്‍ ആര്‍സിബി
നിലവില്‍ 12 പോയിന്റോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. പഞ്ചാബ് കിങ്സാണ് ഒന്നാമത്. മെയ് 7ന് ലഖ്നൗവിലെ ഏകാന സ്റ്റേഡിയത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സുമായാണ് ആര്‍സിബിയുടെ അടുത്ത മത്സരം.
