മുംബൈ: ഇക്കഴിഞ്ഞ ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഇപ്പോഴും വേദനയാണ്. അന്ന് പാകിസ്ഥാനെതിരെ 180 റണ്‍സിന്റെ ദയനീയ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 334 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 158 എല്ലാവരും പുറത്തായി. 

മത്സരത്തില്‍ പാക് ഓപ്പണര്‍മാരായ ഫഖര്‍ സമാന്‍- അസര്‍ അലി എന്നിവര്‍ കൂട്ടിച്ചേര്‍ത്ത 128 റണ്‍സാണ് മത്സരത്തില്‍ നിര്‍ണായകമായത്. എന്നാല്‍ പാകിസ്ഥാന്റെ വിജയത്തിന് മറ്റൊരു സംഭവം കൂടി കാരണമായെന്നാണ് ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാര്‍ പറയുന്നത്. ജസ്പ്രീത് ബൂമ്രയെറിഞ്ഞ നോബോളായിരുന്നു മത്സരത്തിലെ വഴിത്തിരിവെന്ന് ഭുവി പറഞ്ഞു. മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ദീപ്ദാസ് ഗുപ്തയുമായി ക്രിക്ക് ഇന്‍ഫോയുടെ വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭുവി തുടര്‍ന്നു... ''മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ പാക് ഓപ്പണര്‍ ഫഖറിനെ ബൂമ്രയുടെ ബൗളിങില്‍ ധോണി ക്യാച്ച് ചെയ്തിരുന്നു. എന്നാല്‍ ബുംറ ഓവര്‍ സ്റ്റെപ്പ് ചെയ്തതായി കണ്ടെത്തിയതോടെ അംപയര്‍ നോബോള്‍ വിധിച്ചു. പിന്നീട് ഫഖര്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയാണ് മടങ്ങിയത്. മത്സരത്തില്‍ നിര്‍ണായകമായതും ഈ ബാറ്റിങ് തന്നെ. എങ്കിലും ഫൈനലില്‍ ഇന്ത്യയുടെ തോല്‍വിക്കു യഥാര്‍ഥ കാരണം ചൂണ്ടിക്കാട്ടുക വളരെ ബുദ്ധിമുട്ടാണ്.'' ഭുവി പറഞ്ഞു. 

ലോകകപ്പ് സെമിയിലെ തോല്‍വിയെ കുറിച്ചും ഭുവി സംസാരിച്ചു. ''കഴിഞ്ഞ ലോകകപ്പില്‍ നമ്മള്‍ സെമിയില്‍ തോറ്റത് നിര്‍ഭാഗ്യം കൊണ്ടായിരുന്നു. മൂന്നു മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ തുടക്കത്തില്‍ പുറത്തായതാണ് തിരിച്ചടിയായത്. ഇത് അപൂര്‍വ്വമായി മല്‍സരത്തില്‍ സംഭവിക്കുന്ന കാര്യമാണ്.?' താരം പറഞ്ഞുനിര്‍ത്തി.