മുംബൈ: വരും വര്‍ഷത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ കാത്തിരിക്കുന്നത് ആവേശകരമായ മത്സരങ്ങള്‍. ശക്തരായ ടീമുകള്‍ക്കെതിരായ മത്സരങ്ങള്‍ക്ക് പുറമേ ടി20 ലോകകപ്പും, ഏഷ്യാകപ്പും അടുത്ത വര്‍ഷം നടക്കും. ഇതിനൊപ്പം ഇന്ത്യന്‍ പ്രീമിയര്‍ ലീഗുമുണ്ട്. ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സര ടി20 പരമ്പരയോടെയാണ് ഇന്ത്യ അടുത്ത വര്‍ഷത്തെ ക്രിക്കറ്റ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. നാട്ടില്‍ നടക്കുന്ന ഈ പരമ്പരയ്ക്ക് ശേഷം ഇന്ത്യ മൂന്ന് മത്സര ഏകദിന പരമ്പരയില്‍ കരുത്തരായ ഓസ്‌ട്രേലിയയെ നേരിടും. 

ജനുവരി മാസമാണ് ഈ രണ്ട് പരമ്പരകളും നടക്കുക. ജനുവരി 24 മുതല്‍ മാര്‍ച്ച് 4 വരെ ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനം നടക്കും. രണ്ട് ടെസ്റ്റും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനത്തിലുള്ളത്. തുടര്‍ന്ന് ഇന്ത്യയില്‍ തിരിച്ചെത്തുന്ന ടീം നാട്ടില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് മത്സര ഏകദിന പരമ്പര കളിക്കും. പിന്നാലെ ഇന്ത്യന്‍പ്രീമിയര്‍ ലീഗ്. 

ഐപിഎല്ലിന് ശേഷം ഏഷ്യാകപ്പ് ടി20യിലും ഇംഗ്ലണ്ടിനെതിരെ മൂന്ന് വീതം ഏകദിനങ്ങളും, ടി20 മത്സരങ്ങളുമടങ്ങുന്ന പരമ്പരയിലും ഇന്ത്യ കളിക്കും. ഓസ്‌ട്രേലിയക്കെതിരായ മൂന്ന് മത്സര ടി20 പരമ്പരയും, ടി20 ലോകകപ്പും തുടര്‍ന്ന് വരും. ഏറ്റവും അവസാനം ഓസ്‌ട്രേലിയക്കെതിരായ മൂന്ന് ടെസ്റ്റുകളും ഇന്ത്യയെ കാത്തിരിക്കുന്നു. ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചിട്ടില്ലാത്ത രണ്ട് പരമ്പരകള്‍ കൂടി 2020ല്‍ ഇന്ത്യ കളിക്കുന്നുണ്ട്. സിംബാബ്‌വെ, ശ്രീലങ്ക  എന്നിവരാണ് എതിരാളികള്‍.