വിരാട് കോലിയുടെ ഇന്നിംഗ്സാകും അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യക്ക് നിര്‍ണായകമാകുക. ശ്രേയസ് അയ്യര്‍ ബാറ്റ് ചെയ്യാനിറങ്ങിയില്ലെങ്കില്‍ ഇന്ത്യന്‍ നിരയില്‍ അക്സര്‍ പട്ടേലും ആര്‍ അശ്വിനും മാത്രമാണ് ഇനി ബാറ്റര്‍മാരായി ഉള്ളത്.

അഹമ്മദാബാദ്: ഓസ്ട്രേലിയക്കെതിരായ അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സ് ലീഡിനായി നാലാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് തിരിച്ചടിയായി ശ്രേയസ് അയ്യരുടെ പരിക്ക്. പുറം വേദന അനുഭവപ്പെട്ട ശ്രേയസ് ഇന്ന് ബാറ്റിംഗിന് ഇറങ്ങാന്‍ സാധ്യതയില്ല. നാലാം ദിനം തുടക്കത്തില്‍ രവീന്ദ്ര ജഡേജയുടെ വിക്കറ്റ് നഷ്ടമായതോടെ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതാണ് ഇന്ത്യക്കായി ബാറ്റിംഗിനിറങ്ങിയത്. ശ്രേയസ് അയ്യരെ സ്കാനിംഗിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. സ്കാനിംഗിന് ശേഷമെ അയ്യരുടെ പരിക്ക് എത്രമാത്രം ഗുരുതരമാണെന്ന് വ്യക്തമാവു.

ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 480 റണ്‍സിന് മറുപടിയായി നാലാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 335 റണ്‍സെന്ന നിലയിലാണ്. 73 റണ്‍സുമായി വിരാട് കോലിയും 18 റണ്‍സോടെ ശ്രീകര്‍ ഭരതുമാണ് ക്രീസില്‍. വിരാട് കോലിയുടെ ഇന്നിംഗ്സാകും അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യക്ക് നിര്‍ണായകമാകുക. ശ്രേയസ് അയ്യര്‍ ബാറ്റ് ചെയ്യാനിറങ്ങിയില്ലെങ്കില്‍ ഇന്ത്യന്‍ നിരയില്‍ അക്സര്‍ പട്ടേലും ആര്‍ അശ്വിനും മാത്രമാണ് ഇനി ബാറ്റര്‍മാരായി ഉള്ളത്.

ഗംഭീറിന്‍റെ പോരാട്ടം പാഴായി; ലെജന്‍ഡ്സ് ലീഗില്‍ ഇന്ത്യ മഹാരാജാസിന് രണ്ടാം തോല്‍വി

അക്സര്‍ മികച്ച ഫോമിലാണെന്നതാണ് ഇന്ത്യയുടെ പ്രതീക്ഷ. സ്പിന്നര്‍മാര്‍ക്ക് കാര്യമായ പിന്തുണ ഒന്നും ലഭിക്കാത്ത പിച്ചില്‍ കരുതലോടെയാണ് ഇന്ത്യ കളിക്കുന്നത്. രവീന്ദ്ര ജഡേജ തുടക്കത്തില്‍ കരുതലോടെ കളിച്ചെങ്കിലും ടോഡ് മര്‍ഫിക്കെതിരെ അനാവശ്യ ഷോട്ട് കളിച്ച് പുറത്തായി. 84 പന്ത് നേരിട്ട ജഡേജ രണ്ട് ഫോറും ഒരു സിക്സും പറത്തിയാണ് 28 റണ്‍സടിച്ചത്. ജഡേജയുടെ വിക്കറ്റ് നഷ്ടമായതോടെ വിരാട് കോലി പ്രതിരോധത്തിലേക്ക് നീങ്ങിയത് അതിവേഗം സ്കോര്‍ ചെയ്ത് ഓസ്ട്രേലിയയെ സമ്മര്‍ദ്ദത്തിലാക്കാമെന്ന ഇന്ത്യന്‍ തന്ത്രങ്ങളെ ബാധിക്കുകയും ചെയ്തു. ഓസ്ട്രേലിയയുടെ ലീഡ് പരമാവധി കുറക്കാനാകും ഇന്ത്യ ഇന്ന് ശ്രമിക്കുക.