ഇംഗ്ലണ്ട്-ഇന്ത്യ അഞ്ചാം ടെസ്റ്റിനിടെ എഡ്‍ജ്‍ബാസ്റ്റണില്‍ ഇന്ത്യന്‍ കാണികള്‍ വംശീയാധിക്ഷേപത്തിന് വിധേയരാവുകയായിരുന്നു എന്നായിരുന്നു റിപ്പോർട്ട്

ബിർമിംഗ്‍ഹാം: എഡ്‍ജ്‍ബാസ്റ്റണ്‍ ടെസ്റ്റിനിടെ(ENG v IND 5th Test) ഇന്ത്യന്‍ ആരാധകരെ വംശീയമായി അധിക്ഷേപിച്ചെന്ന ആരോപണത്തില്‍ 32 വയസുകാരനെ അറസ്റ്റ് ചെയ്ത് ബിർമിംഗ്‍ഹാം പൊലീസ്(Birmingham Police). ഇക്കാര്യം ബിർമിംഗ്‍ഹാം പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചു. ഇയാളെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങി. ഇംഗ്ലണ്ടും ഇന്ത്യയും തമ്മില്‍ എഡ്‍ജ്‍ബാസ്റ്റണില്‍ നടന്ന പുനക്രമീകരിച്ച അഞ്ചാം ടെസ്റ്റിനിടെയായിരുന്നു ഇംഗ്ലണ്ട് ക്രിക്കറ്റിന് നാണക്കേടുണ്ടാക്കിയ സംഭവം. 

Scroll to load tweet…

ഇംഗ്ലണ്ട്-ഇന്ത്യ അഞ്ചാം ടെസ്റ്റിനിടെ എഡ്‍ജ്‍ബാസ്റ്റണില്‍ ഇന്ത്യന്‍ കാണികള്‍ വംശീയാധിക്ഷേപത്തിന് വിധേയരായി എന്നായിരുന്നു റിപ്പോർട്ട്. ടെസ്റ്റിന്‍റെ നാലാംദിനം ഇന്ത്യന്‍ ആരാധകർ ട്വിറ്ററില്‍ പങ്കുവെച്ച ചിത്രങ്ങളും വീഡിയോകളുമാണ് മത്സരത്തിലെ വംശീയാധിക്ഷേപ ആരോപണം ചർച്ചയാക്കിയത്. കുറ്റക്കാരെ ചൂണ്ടിക്കാണിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ നടപടിയെടുത്തില്ല എന്ന് ഇന്ത്യന്‍ ആരാധകർ ആക്ഷേപം ഉന്നയിച്ചിരുന്നു. വംശീയാധിക്ഷേപ പരാതി അന്വേഷിക്കുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പിന്നാലെ അറിയിക്കുകയും ചെയ്തു. വംശീയാധിക്ഷേപ ആരോപണം വന്നയുടനെ സംഭവത്തില്‍ ഇന്ത്യന്‍ ആരാധകരോട് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് ക്ഷമ ചോദിച്ചിരുന്നു. 

വംശീയവാദികളെ തള്ളിപ്പറഞ്ഞ് ബെന്‍ സ്റ്റോക്സ്

എഡ്‍ജ്‍ബാസ്റ്റണിലെ വംശീയാധിക്ഷേപത്തെ ഇംഗ്ലീഷ് ടെസ്റ്റ് നായകന്‍ ബെന്‍ സ്റ്റോക്സ് ശക്തമായി തള്ളിപ്പറഞ്ഞിരുന്നു. 'ക്രിക്കറ്റിലെ അവിസ്മരണീയമായ ആഴ്ചയില്‍ എഡ്‍ജ്‍ബാസ്റ്റണില്‍ വംശീയാധിക്ഷേപം നടന്നതായുള്ള റിപ്പോർട്ടുകള്‍ ഏറെ നിരാശപ്പെടുത്തി. ക്രിക്കറ്റില്‍ വംശീയതയ്ക്ക് സ്ഥാനമില്ല. വൈറ്റ്-ബോള്‍ പരമ്പര എല്ലാ കാണികള്‍ക്കും ആസ്വദിക്കാന്‍ കഴിയുമെന്ന് ആശിക്കുന്നു. അതാണ് ക്രിക്കറ്റില്‍ നിന്ന് പ്രതീക്ഷിക്കുന്നത്' എന്നുമായിരുന്നു കഴിഞ്ഞദിവസം സ്റ്റോക്സിന്‍റെ ട്വീറ്റ്. 

വിവാദങ്ങള്‍ക്ക് വേദിയായ അതേ എഡ്‍ജ്‍ബാസ്റ്റണില്‍ ഇന്ന് ഇംഗ്ലണ്ട്-ഇന്ത്യ രണ്ടാം ടി20 നടക്കും. ടെസ്റ്റ് മത്സരത്തിനിടെ ഇന്ത്യന്‍ ആരാധകര്‍ക്കെതിരെ വംശീയാധിക്ഷേപം നടന്നതിനാല്‍ സ്റ്റേഡിയത്തില്‍ പ്രത്യേക പരിശോധന സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്. വംശീയവിധ്വേഷം നടത്തുന്നവരെ കണ്ടെത്താന്‍ പ്രത്യേക ഉദ്യോഗസ്ഥർ കാണികള്‍ക്കിടയിലുണ്ടാകും. 

വംശീയതയ്ക്ക് ക്രിക്കറ്റില്‍ സ്ഥാനമില്ല, എഡ്‍ജ്‍ബാസ്റ്റണ്‍ സംഭവം നിരാശപ്പെടുത്തി; തുറന്നടിച്ച് ബെന്‍ സ്റ്റോക്സ്