മുംബൈ: വിരാട് കോലി ബോളിവുഡ് നടിയും ഭാര്യയുമായ അനുഷ്‌ക ശര്‍മയുമായുള്ള വിവാഹബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യവുമായി ബിജെപി നേതാവ്. അനുഷ്‌ക നിര്‍മിച്ച 'പാതാള്‍ ലോക്' എന്ന വെബ് സീരീസ് ഉള്‍കൊള്ളാനായില്ലെന്നുള്ളതാണ് പ്രധാന കാരണം. ഉത്തര്‍പ്രദേശിലെ ലോനി സ്വദേശി നന്ദകിഷോര്‍ ഗുര്‍ജാറാണ് ഇത്തരമൊരു നിര്‍ദേശം കോലിക്ക് നല്‍കിയത്. അതും കൂടാതെ പാതാള്‍ ലോക് നിരോധിക്കണമെന്നാവശ്യപ്പെട്ട്   വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്‌ദേക്കറിനു കത്തയക്കുകയും ചെയ്തു.

 

 

പാതാള്‍ ലോകില്‍ അനുവാദമില്ലാതെ ബിജെപി നേതാക്കളുടെ ചിത്രങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും അത് രാജ്യദ്രോഹക്കുറ്റമാണെന്നും ഗുര്‍ജാര്‍ പറയുന്നു. പാതാള്‍ ലോക് മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്നുവെന്നും ഗുര്‍ജര്‍ ആരോപിച്ചു. ട്വിറ്ററിലൂടെ ഇയാള്‍ വിവരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. 

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത പാതാള്‍ ലോക് കുറ്റാന്വേഷണ കഥയാണ്. പ്രമാദമായ ഒരു കേസ് അന്വേഷിക്കാനിറങ്ങുന്ന പൊലീസ് ഓഫീസര്‍ മനസ്സിലാക്കുന്ന അധോലോകമാണ് സീരീസിന്റെ ഇതിവൃത്തം. മികച്ച പ്രതികരണമാണ് ഇതിന് ലഭിക്കുന്നത്. സീരീസ് ഏറ്റെടുത്തതിന് അനുഷ്‌കയെ കോലി പ്രശംസിച്ചിരുന്നു. 

ഒമ്പത് എപ്പിസോഡുകളുള്ള ക്രൈം ത്രില്ലര്‍ ഗണത്തില്‍പ്പെട്ട വെബ് സീരിസാണ് പാതാള്‍ ലോക്. ജയ്ദീപ് അഹ്ലാവത്, അഭിഷേക് ബാനര്‍ജി, നീരജ് കാബി എന്നിവരാണ് ഇതില്‍ പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്നത്.