കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ബംഗ്ലാദേശിനെതിരെയാണ് ബ്ലാക്ക് ക്യാപ്‌സിനായി ഹമീഷ് ബെന്നറ്റ് കളിച്ചത്

ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡ് (Black Caps) പേസര്‍ ഹമീഷ് ബെന്നറ്റ് (Hamish Bennett) വിരമിച്ചു. 17 വര്‍ഷം നീണ്ട പ്രൊഫഷണല്‍ കരിയറിന് 35-ാം വയസിലാണ് താരം വിരാമമിട്ടത്. കിവീസ് കുപ്പായത്തില്‍ മൂന്ന് ഫോര്‍മാറ്റിലുമായി 31 മത്സരങ്ങളില്‍ കളിച്ച താരം ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ളയാളാണ്. പരിക്കാണ് രാജ്യാന്തര കരിയറില്‍ ഹമീഷിനെ പ്രതിസന്ധിയിലാക്കിയത്. ന്യൂസിലന്‍ഡിനായി ഒരു ടെസ്റ്റും 19 ഏകദിനങ്ങളിലും 11 ടി20കളും കളിച്ചു. 

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ബംഗ്ലാദേശിനെതിരെയാണ് ബ്ലാക്ക് ക്യാപ്‌സിനായി ഹമീഷ് ബെന്നറ്റ് കളിച്ചത്. 2010ല്‍ ബംഗ്ലാ കടുവകള്‍ക്കെതിരെ തന്നെയായിരുന്നു രാജ്യാന്തര അരങ്ങേറ്റവും. 2010ല്‍ ഇന്ത്യക്കെതിരെ അഹമ്മദാബാദിലായിരുന്നു കരിയറിലെ ഏക ടെസ്റ്റ്. നിലവിലെ ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണിന്‍റെ ടെസ്റ്റ് അരങ്ങേറ്റവും ഈ മത്സരത്തിലായിരുന്നു. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് ഹമീഷിന് പിന്നീട് പ്രതീക്ഷിച്ച പ്രകടനം തുടരാനായില്ല. 

Scroll to load tweet…

2011 ലോകകപ്പ് സ്‌ക്വാഡില്‍ ഇടംപിടിച്ചെങ്കിലും പരിക്കിനെ തുടര്‍ന്ന് പുറത്തായി. പിന്നീട് തൊട്ടടുത്ത വര്‍ഷം ശസ്‌ത്രക്രിയക്ക് വിധേയനായി. ന്യൂസിലന്‍ഡ് ജേഴ്‌സിയില്‍ നിന്ന് ഇതോടെ പുറത്തായെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ഹമീഷ് ബെന്നറ്റ് സജീവമായി തുടര്‍ന്നു. 2005 മുതല്‍ 265 ആഭ്യന്തര മത്സരങ്ങളില്‍ 489 വിക്കറ്റ് പേരിലാക്കി. ആഭ്യന്തര ക്രിക്കറ്റില്‍ നിരവധി കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.

റയല്‍- ചെല്‍സി, ബയേണ്‍- വിയ്യാ റയല്‍; ചാംപ്യന്‍സ് ലീഗില്‍ രണ്ട് സെമി ഫൈനലിസ്റ്റുകളെ ഇന്നറിയാം