വിസിനഗരം: ദക്ഷിണാഫ്രിക്ക-ബോര്‍ഡ് പ്രസഡിന്റ്സ് ഇലവന്‍ ത്രിദിന പരിശീലന മത്സരം സമനിലയില്‍. ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണറാവാന്‍ പാഡ് കെട്ടുന്ന രോഹിത് ശര്‍മ ബാറ്റിംഗില്‍ പൂജ്യനായി പുറത്തായപ്പോള്‍ യുവതാരങ്ങളായ പ്രിയങ്ക് പഞ്ചാലും സിദ്ദേശ് ലാഡും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ശ്രീകര്‍ ഭരതും ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനായി ബാറ്റിംഗില്‍ തിളങ്ങി.

279/6 എന്ന സ്കോറില്‍ അവസാന ദിവസം ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത ദക്ഷിണാഫ്രിക്കയ്ക്കെതിരെ തകര്‍ച്ചയോടെയാണ് ബോര്‍ഡ് ഇലവന്‍ തുടങ്ങിയത്. നേരിട്ട രണ്ടാം പന്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ(0) വെര്‍നോണ്‍ ഫിലാന്‍ഡര്‍ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. അഭിമന്യു ഈശ്വരനും(13) ക്രീസില്‍ അധികം ആയുസുണ്ടായില്ല. മായങ്ക് അഗര്‍വാളും(39) പ്രിയങ്ക് പഞ്ചാലും(60) ചേര്‍ന്ന് ബോര്‍ഡ് ഇലവനെ സുരക്ഷിത സ്കോറിലേക്ക് നയിച്ചു.

അഗര്‍വാളിനെ കേശവ് മഹാരാജ് മടക്കിയശേഷം ക്രീസിലെത്തിയ മലയാളി താരം കരുണ്‍ നായര്‍ക്ക്(19) അവസരം മുതലാക്കാനായില്ല. എന്നാല്‍ യുവതാരം സിദ്ദേശ് ലാഡ്(52) അര്‍ധസെഞ്ചുറിയുമായി തിളങ്ങി. ടെസ്റ്റ് ടീമില്‍ ഋഷഭ് പന്തിന്റെ പകരക്കാരാനാവാനൊരുങ്ങുന്ന ശ്രീകര്‍ ഭരതിന്റെ വെടിക്കെട്ട് ബാറ്റിംഗ് ഇന്ത്യന്‍ ഇന്നിംഗ്സിന് കരുത്തായി. 57 പന്തില്‍ 71 റണ്‍സെടുത്ത ശ്രീകര്‍ ഭരത് ഏഴ് ബൗണ്ടറിയും അഞ്ച് സിക്സറും പറത്തി. കേരളത്തിന്റെ രഞ്ജി താരം ജലജ് സക്സേന രണ്ട് റണ്‍സെടുത്ത് പുറത്തായി.

കളി നിര്‍ത്തുമ്പള്‍ ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കായി കേശവ് മഹാരാജ് മൂന്നും ഫിലാന്‍ഡര്‍ രണ്ടും വിക്കറ്റെടുത്തു.