നാഗ്‌പൂരില്‍ ഇന്ന് ഓസീസ് ക്രിക്കറ്റ് ടീം പരിശീലനം നടത്തിയപ്പോള്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ പന്തെറിഞ്ഞെങ്കിലും ദില്ലിയില്‍ താരം കളിക്കുന്ന കാര്യം സംശയമായി തുടരുന്നു

ദില്ലി: നാഗ്‌പൂരിലെ കനത്ത തോല്‍വിയോടെയാണ് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്ക് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം ഇന്ത്യയില്‍ തുടക്കമിട്ടത്. രണ്ടാം ടെസ്റ്റ് 17-ാം തിയതി ദില്ലിയില്‍ ആരംഭിക്കാനിരിക്കേ പ്ലേയിംഗ് ഇലവനിന്‍റെ കാര്യത്തില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് ഇതുവരെ വ്യക്തത വന്നിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. 

നാഗ്‌പൂരില്‍ ഇന്ന് ഓസീസ് ക്രിക്കറ്റ് ടീം പരിശീലനം നടത്തിയപ്പോള്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ പന്തെറിഞ്ഞെങ്കിലും ദില്ലിയില്‍ താരം കളിക്കുന്ന കാര്യം സംശയമായി തുടരുന്നു. വിരലിലെ പരിക്കായതിനാല്‍ എവിടെ താരത്തെ ഫീല്‍ഡിംഗിന് നിര്‍ത്തും എന്നതാണ് ഓസീസ് മെഡിക്കല്‍ സംഘത്തിന് മുന്നിലുള്ള പ്രധാന ചോദ്യം. അതേസമയം സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ദില്ലിയില്‍ കളിക്കും എന്ന ആശ്വാസ വാര്‍ത്ത ഓസീസ് ക്യാംപിനുണ്ട്. പുതുതായി സ്‌കാഡിലെത്തിയ സ്‌പിന്നര്‍ മാറ്റ് കുനെമാനെ കളിപ്പിക്കുന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. സ്‌പിന്നര്‍ മിച്ചല്‍ സ്വപ്‌സന്‍ കുഞ്ഞിന്‍റെ ജനനത്തിനായി നാട്ടിലേക്ക് മടങ്ങിയതോടെയാണ് മാറ്റ് കുനെമാനെ ടീമിലെത്തിയത്. 

എന്നാല്‍ ദില്ലിയില്‍ താരം ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നത് കാമറൂണ്‍ ഗ്രീന്‍ കളിക്കുമോ ഇല്ലയോ എന്നതിനെ ആശ്രയിച്ചിരിക്കും. സ്കോട്ട് ബോളണ്ടിന് പകരമാകും സ്റ്റാര്‍ക്ക് പ്ലേയിംഗ് ഇലവനിലേക്ക് മടങ്ങിയെത്തുക. ഗ്രീന്‍ കളിക്കുന്നതിനെ ആശ്രയിച്ചിരിക്കും ഓസീസ് മൂന്ന് പേസര്‍മാരെയാണോ മൂന്ന് സ്‌പിന്നര്‍മാരെയാണോ കളിപ്പിക്കുക എന്നത്. ഗ്രീന്‍ പൂര്‍ണ ഫിറ്റ്‌നസിലെത്തിയാല്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് ഇലവന് പുറത്താകും. നാഗ്‌‌പൂരില്‍ പരാജയപ്പെട്ട ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് പകരം ട്രാവിസ് ഹെഡ് ഓപ്പണറുടെ റോളിലെത്താനും സാധ്യതയുണ്ട്. 

ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 132 റണ്‍സിനുമാണ് ഓസീസ് പരാജയം നുണഞ്ഞത്. ഇന്ത്യന്‍ ടീം 400 റണ്‍സ് എടുത്ത പിച്ചില്‍ ഓസീസ് ആദ്യ ഇന്നിംഗ്‌സില്‍ 177 റണ്‍സിനും രണ്ടാം ഇന്നിംഗ്‌സില്‍ 91നും പുറത്താവുകയായിരുന്നു. വീണ 20 വിക്കറ്റുകളില്‍ 15 ഉം അശ്വിനും ജഡേജയും ചേര്‍ന്ന് പങ്കിട്ടെടുത്തതോടെ മത്സരം മൂന്ന് ദിവസം കൊണ്ടവസാനിച്ചു. പരമ്പരയില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ ദില്ലിയിലെ രണ്ടാം ടെസ്റ്റില്‍ സന്ദര്‍ശകര്‍ക്ക് ജയം അനിവാര്യമാണ്. 

വിവാദങ്ങള്‍ക്കൊടുവില്‍ ഓസീസ് നാഗ്‌പൂരില്‍ പരിശീലനം നടത്തി; പിന്നെയും പെട്ട് ബാറ്റര്‍മാര്‍- വീഡിയോ