ദില്ലി ടെസ്റ്റില്‍ ഓസീസ് ഇന്നിംഗ്‌സിലെ 75-ാം ഓവറിലായിരുന്നു നാടകീയ സംഭവം
ദില്ലി: വീണ്ടും നോബോള്‍ ആവര്‍ത്തിച്ച് രവീന്ദ്ര ജഡേജ, അതും അവസാന വിക്കറ്റ് വീണ പന്തില്‍! ഓസ്‌ട്രേലിയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ തനിക്ക് സംഭവിച്ച അതേ പിഴവ് ദില്ലിയിലെ രണ്ടാം ടെസ്റ്റിലും ജഡേജയ്‌ക്ക് സംഭവിച്ചിരിക്കുകയാണ്. നാഗ്‌പൂരില്‍ ഓസീസിന്‍റെ രണ്ടാം ഇന്നിംഗ്‌സിലെ അവസാന വിക്കറ്റ് ജഡേജ വീഴ്‌ത്തിയപ്പോഴാണ് ഓവര്‍-സ്റ്റെപ് ചെയ്‌തതിന് അംപയര്‍ നോബോള്‍ വിളിച്ചത് എങ്കില്‍ ദില്ലിയില്‍ ഓസീസിന്‍റെ ആദ്യ ഇന്നിംഗ്‌സിലെ അവസാന വിക്കറ്റ് നഷ്‌ടമായപ്പോഴാണ് നോബോളായത് എന്നൊരു വ്യത്യാസം മാത്രമേയുള്ളൂ.
ദില്ലി ടെസ്റ്റില്‍ ഓസീസ് ഇന്നിംഗ്‌സിലെ 75-ാം ഓവറിലായിരുന്നു നാടകീയ സംഭവം. ഓസീസിനായി അര്‍ധസെഞ്ചുറിയുമായി പൊരുതിയ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പിനെ ജഡേജ അഞ്ചാം പന്തില്‍ പുറത്താക്കി. ഇതോടെ ഇരു ടീമിലേയും താരങ്ങള്‍ ഇന്നിംഗ്‌സ് ഇടവേളയ്‌ക്കായി ഡ്രസിംഗ് റൂമിലേക്ക് മടങ്ങാനൊരുങ്ങി. എന്നാല്‍ ഹാന്‍ഡ്‌സ്‌കോമ്പ് പുറത്തായ പന്ത് നോബോളാണ് എന്ന് അംപയര്‍ വിധിക്കുകയായിരുന്നു. ഇതോടെ വീണ്ടും പന്തെറിഞ്ഞ ജഡേജയെ അടുത്ത പന്തില്‍ ഹാന്‍ഡ്‌സ്‌കോമ്പ് ബൗണ്ടറി നേടുകയും ചെയ്‌തു. പിന്നാലെ തൊട്ടടുത്ത ഓവറില്‍ കുനെമാനെ ഷമി ബൗള്‍ഡാക്കിയതോടെയാണ് ഓസീസിന്‍റെ ഒന്നാം ഇന്നിംഗ്‌സ് 263 റണ്‍സില്‍ അവസാനിച്ചത്.
നേരത്തെ നാഗ്‌പൂരിലെ ആദ്യ ടെസ്റ്റിലും ജഡേജയ്ക്ക് നോബോള്‍ അബദ്ധം പിണഞ്ഞിരുന്നു. ഓസീസ് രണ്ടാം ഇന്നിംഗ്‌സില്‍ 91 റണ്‍സില്‍ പുറത്തായപ്പോള്‍ രവീന്ദ്ര ജഡേജ എറിഞ്ഞ 32-ാം ഓവറിലെ രണ്ടാം പന്തില്‍ സ്റ്റീവ് സ്‌മിത്ത് ബൗള്‍ഡായിരുന്നു. ഇതോടെ ഇന്ത്യന്‍ ടീം ആഘോഷം തുടങ്ങി. എന്നാല്‍ അംപയര്‍ നോബോള്‍ വിളിച്ചതോടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് അവസാന വിക്കറ്റ് വീഴ്‌ത്താന്‍ വീണ്ടും കളിക്കേണ്ടിവന്നു. അന്നും ഓവര്‍-സ്റ്റെപ് ചെയ്‌തതിനായിരുന്നു അംപയര്‍ നോബോള്‍ വിളിച്ചത്. കളി തുടര്‍ന്നപ്പോള്‍ തൊട്ടടുത്ത ഓവറിലെ മൂന്നാം പന്തില്‍ സ്കോട്ട് ബോളണ്ടിനെ മുഹമ്മദ് ഷമി എല്‍ബിയില്‍ കുടുക്കിയതോടെയാണ് നാഗ്‌പൂരില്‍ ഇന്ത്യ ഇന്നിംഗ്‌സിനും 132 റണ്‍സിനും കൂറ്റന്‍ ജയം നേടിയത്. അതേസമയം സ്റ്റീവ് സ്‌മിത്ത് പുറത്താവാതെ നില്‍ക്കുകയും ചെയ്തു.
ഏറ്റവും പ്രിയപ്പെട്ട ബാറ്റിംഗ് പങ്കാളികള്‍; രണ്ട് പേരുകള്‍ തെരഞ്ഞെടുത്ത് ഡികെ, പലര്‍ക്കും അമ്പരപ്പ്
