ഓസ്‌ട്രേലിയക്കെതിരെ നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ 2-0ന്‍റെ ലീഡ് സ്വന്തമാക്കാനാണ് രോഹിത് ശര്‍മ്മ നയിക്കുന്ന ഇന്ത്യന്‍ ടീം നാളെ ദില്ലിയില്‍ ഇറങ്ങുക

ദില്ലി: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റ് നാളെ തുടങ്ങുമ്പോള്‍ കണ്ണുകള്‍ ദില്ലി അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിലെ പിച്ചിലേക്ക് നീളുകയാണ്. നാഗ്‌പൂരില്‍ ഇന്ത്യ 400 റണ്‍സെടുത്ത പിച്ചില്‍ ഓസീസ് താരങ്ങള്‍ സ്‌പിന്‍ കെണിയില്‍ കുരുങ്ങി 177, 91 സ്കോറുകളില്‍ പുറത്തായി കനത്ത തോല്‍വി സമ്മതിച്ചിരുന്നു. സമാനമായി കറങ്ങും പന്തുകളാകുമോ ഓസീസിനെ കാത്ത് ദില്ലിയിലുണ്ടാവുക. അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിലെ പിച്ചിന്‍റെ സാധ്യതകള്‍ നോക്കാം. 

ഓസ്‌ട്രേലിയക്കെതിരെ നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ 2-0ന്‍റെ ലീഡ് സ്വന്തമാക്കാനാണ് രോഹിത് ശര്‍മ്മ നയിക്കുന്ന ഇന്ത്യന്‍ ടീം നാളെ ദില്ലിയില്‍ ഇറങ്ങുക. അതേസമയം പരമ്പരയില്‍ തിരിച്ചെത്താന്‍ അനിവാര്യമായ ജയം കൊതിച്ച് പാറ്റ് കമ്മിന്‍സിന്‍റെ ഓസീസ് രണ്ടാം അഗ്നിപരീക്ഷയ്‌ക്കായി എത്തുന്നു. മത്സരത്തിന്‍റെ ആദ്യ ദിവസങ്ങളില്‍ ദില്ലിയിലെ പിച്ച് ബാറ്റര്‍മാരെ പിന്തുണയ്ക്കുന്നതാണ് മുന്‍കാല ചരിത്രം. അതിനാല്‍ ടോസ് നിര്‍ണായകമാകും. എന്നാല്‍ മത്സരം പുരോഗമിക്കുന്നതിന് അനുസരിച്ച് സ്‌പിന്നര്‍മാര്‍ക്ക് മുന്‍തൂക്കം കിട്ടിത്തുടങ്ങും. താരതമ്യേന കുറഞ്ഞ ബൗണ്‍സ് ബാറ്റര്‍മാര്‍ക്ക് വെല്ലുവിളിയായേക്കും. ദില്ലിയിലെ ശരാശരി ആദ്യ ഇന്നിംഗ്‌സ് സ്കോര്‍ 342 റണ്‍സാണ്. നാലാം ഇന്നിംഗ്‌സിലെ ശരാശരി സ്കോര്‍ 165 റണ്‍സും. 

വെള്ളിയാഴ്‌ച രാവിലെ ഇന്ത്യന്‍ സമയം 9.30നാണ് ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ് ദില്ലി അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡ‍ിയത്തില്‍ തുടങ്ങുന്നത്. നാഗ്‌പൂരില്‍ നടന്ന ആദ്യ ടെസ്റ്റ് ടീം ഇന്ത്യ ഇന്നിംഗ്‌സിനും 132 റണ്‍സിനും വിജയിച്ചിരുന്നു. ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാരയുടെ 100-ാം മത്സരമാണിത് എന്നതാണ് ദില്ലി ടെസ്റ്റിന്‍റെ സവിശേഷത. മത്സരത്തിന് മുമ്പ് താരത്തെ ബിസിസിഐ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ആദരിക്കും. ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലേക്ക് ശ്രേയസ് അയ്യര്‍ മടങ്ങിയെത്തിയേക്കും. അതേസമയം പരിക്ക് വലയ്‌ക്കുന്ന ഓസീസിന്‍റെ പ്ലേയിംഗ് ഇലവന്‍ സംബന്ധിച്ച് അനിശ്ചിതത്തം തുടരുകയാണ്.